സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് ദീപക് ഗുപ്ത വിരമിച്ചു

ദില്ലി: സുപ്രീംകോടതി ജഡ്ജ് സ്ഥാനത്ത് നിന്ന് ജസ്റ്റിസ് ദീപക് ഗുപ്ത വിരമിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ബാര്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കിയത്. ചടങ്ങില്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡ അധ്യക്ഷനായി. ഭരണ ഘടനയാണ് ജഡ്ജിമാരുടെ വിശുദ്ധ ഗ്രന്ഥമെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ ദീപക് ഗുപ്ത പറഞ്ഞു.

ഇതാദ്യമായാണ് ഒരു സുപ്രീംകോടതി ജഡ്ജിന് ഓണ്‍ലൈന്‍ വഴി യാത്രയയപ്പ് നല്‍കുന്നത്. പതിവ് കീഴ് വഴക്കം പോലെ വിരമിക്കല്‍ ദിവസം ചീഫ് ജസ്റ്റിസിന് ഒപ്പമാണ് ദീപക് ഗുപ്ത കേസുകള്‍ കേട്ടത്. 2017 ഫെബ്രുവരിയില്‍ സുപ്രീംകോടതി ജഡ്ജിയായി ചുമതല ഏറ്റ ദീപക് ഗുപ്ത ഛത്തീസ്ഗഡ്, ത്രിപുര ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസായിരുന്നു.

വധശിക്ഷ നിയമപരമെന്ന് ശരിവച്ച 2018 നവംബറിലെ വിധി, ഉന്നാവ് കേസ് വിചാരണ ദില്ലിയിലേക്ക് മാറ്റിയത്, ഏറ്റവും ഒടുവില്‍ കോടതി അലക്ഷ്യത്തിന് മൂന്ന് അഭിഭാഷകര്‍ക്ക് തടവ് ശിക്ഷ വിധിച്ചതടക്കം സുപ്രധാന വിധികള്‍ പറഞ്ഞ ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ദീപക് ഗുപ്ത.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമായി കാണാന്‍ സാധിക്കില്ലെന്നും ഭൂരിപക്ഷവാദം നിയമമാക്കാന്‍ പറ്റില്ലെന്നും അടുത്തിടെ അദ്ദേഹം പ്രസ്താവിച്ചിരുന്നു. ദീപക് ഗുപ്ത വിരമിച്ചതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 32 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here