കൊറോണ വൈറസിന്റെ ഉത്ഭവം; മൈക്‌ പോംപിയോയെ തെളിവ്‌ നൽകാൻ വെല്ലുവിളിച്ച്‌ ചൈന

പുതിയ കൊറോണ വൈറസ്‌ വുഹാനിലെ ലാബിൽ നിന്നാണ്‌ ഉത്ഭവിച്ചതെന്നതിന്‌ ‘ഭീമമായ തെളിവ്‌’ ഉണ്ടെന്ന്‌ അവകാശപ്പെട്ട അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപിയോയെ അത്‌ കാണിക്കാൻ ചൈന വെല്ലുവിളിച്ചു. അമേരിക്ക ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷ്‌മാണു ആയുധങ്ങൾ പ്രയോഗിച്ചതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

കൊറിയൻ യുദ്ധത്തിൽ സൂക്ഷ്‌മാണുക്കളും വിയറ്റ്‌നാമിൽ ഏജന്റ്‌ ഓറഞ്ചും ഉപയോഗിച്ച അമേരിക്ക സമീപ പതിറ്റാണ്ടുകളിൽ ജൈവായുധ കൺവൻഷൻ‌ പ്രമാണങ്ങൾ ഉണ്ടാക്കുന്നത്‌ തടസ്സപ്പെടുത്തുന്നതും ചൈന ചൂണ്ടിക്കാട്ടി.

അമേരിക്കയുടെ പക്കൽ ഭീമമായ തെളിവുണ്ടെന്ന്‌ മൂന്നിനാണ്‌ പോംപിയോ അവകാശപ്പെട്ടത്‌. എന്താണ്‌ സംഭവിച്ചതെന്ന്‌ പഠിക്കാൻ അന്താരാഷ്‌ട്ര തലത്തിലുള്ള ശാസ്‌ത്രജ്ഞർക്ക്‌ ചൈന വുഹാനിലെ വൈറോളജി ലാബിൽ പ്രവേശനം അനുവദിക്കുന്നില്ലെന്നും പോംപിയോ ആരോപിച്ചിരുന്നു.

ഈ വിഷയം ശാസ്‌ത്രജ്ഞരും വിദഗ്ധരുമാണ്‌ കൈകാര്യം ചെയ്യേണ്ടതെന്ന്‌ ചൈനയുടെ വിദേശമന്ത്രാലയ വക്താവ്‌ ഹുവാ ചുൻയിങ്‌ പറഞ്ഞു‌. ആഭ്യന്തര രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കനുസരിച്ച്‌ രാഷ്‌ട്രീയക്കാരല്ല അത്‌ ചെയ്യേണ്ടത്‌. ആരോപണം സാധൂകരിക്കാൻ അമേരിക്ക ഒരു തെളിവും നൽകിയിട്ടില്ലെന്ന്‌ ലോകാരോഗ്യ സംഘടന വ്യക്തമാക്കി‌. അമേരിക്കയിലുള്ളവരടക്കം ലോകത്തെ ഉന്നത ശാസ്‌ത്രജ്ഞരെല്ലാം വൈറസ്‌ മനുഷ്യ നിർമിതമല്ല എന്ന്‌ വ്യക്തമാക്കിയിട്ടുണ്ടെന്ന്‌ ചുൻയിങ്‌ ചൂണ്ടിക്കാട്ടി.

ചില രാജ്യങ്ങളിൽ കഴിഞ്ഞവർഷം സെപ്‌തംബറിലും ഡിസംബറിലും കോവിഡ്‌ കേസുകൾ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ടെന്ന വാർത്തകൾ എല്ലാ രാജ്യങ്ങളും പരിശോധിക്കണം. അമേരിക്കയിൽ കഴിഞ്ഞ ഒക്‌ടോബറിൽ കോവിഡ്‌ കേസുകൾ റിപ്പോർട്ട്‌ ചെയ്‌തതായി വാർത്തയുണ്ടായിരുന്നു. ഫ്രാൻസിൽ ഒരാൾക്ക്‌ ഡിസംബറിൽ രോഗം കണ്ടതായും റിപ്പോർട്ടുണ്ടായിരുന്നു.

ചൈനയിലെ ലാബുകളിൽ നിന്ന്‌ മുമ്പും വൈറസുകൾ ഉണ്ടായിട്ടുണ്ടെന്ന പോംപിയോയുടെ ആരോപണത്തിനും തെളിവ്‌ ഹാജരാക്കാൻ ചുൻയിങ്‌ വെല്ലുവിളിച്ചു. അമേരിക്കൻ രോഗ നിയന്ത്രണ കേന്ദ്രം(സിഡിസി) കഴിഞ്ഞവർഷം സേനാ ലാബിൽ, രോഗത്തിനിടയാക്കുന്ന സൂക്ഷ്‌മ ജീവികളിലെ ഗവേഷണം നിർത്തിവച്ചിരുന്നു.

ഇവയുടെ ഉദ്ദേശ്യവും സുരക്ഷയും സംബന്ധിച്ച്‌ അമേരിക്ക മൗനം പാലിക്കുകയാണ്‌.
ഇക്കാര്യത്തിൽ അന്വേഷണം അംഗീകരിക്കണം എന്ന അന്താരാഷ്‌ട്ര ആവശ്യത്തോട് അമേരിക്ക‌ പ്രതികരിക്കുമെന്നും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുമെന്നും പ്രത്യാശിക്കുന്നതായി ചൈന വക്താവ്‌ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here