80 കോടി ജനങ്ങള്‍ക്ക് അധിക ഭക്ഷ്യധാന്യം; കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം നടപ്പായില്ല

80 കോടി ജനങ്ങള്‍ക്ക് അധിക ഭക്ഷ്യ ധാന്യമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം നടപ്പായില്ല.

20 കോടി ജനങ്ങള്‍ക്ക് ഏപ്രിലില്‍ ലഭിക്കേണ്ട അധിക ഭക്ഷ്യ ധാന്യം ലഭിച്ചില്ലെന്ന് കണക്ക്. 40 ലക്ഷം മെട്രിക് ടണ്‍ വിതരണം ചെയ്യേണ്ട സ്ഥാനത്ത് ആകെ വിതരണം ചെയ്തത് 30 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യം മാത്രം.

ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്ന രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് 3 മാസത്തേക്ക് 5 കിലോ അധിക ഭക്ഷ്യ ധാന്യം നല്‍കുമെന്ന് മാര്‍ച്ച് 26നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ലഭിക്കുന്ന 5 കിലോ ഭക്ഷ്യ ധാന്യം കൂടാതെ അധികമായി 5 കിലോ നല്‍കുന്ന പ്രധാനമന്ത്രി ഖരീബ് കല്യാണ്‍ പാക്കേജ് കൊവിഡ് പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ 80 കോടി ജനങ്ങള്‍ക്ക് അധിക ഭക്ഷ്യ ധാന്യമെന്ന ഈ കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം നടപ്പായില്ല എന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നത്.

കേന്ദ്ര ഭക്ഷ്യപൊതു വിതരണ മന്ത്രി രാം വിലാസ് പാസ്വാന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്ക് പ്രകാരം ഏപ്രില്‍ മാസം വിതരണം ചെയ്തത് 30.16 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ്. എല്ലാവര്‍ക്കും അധിക ഭക്ഷ്യ ധാന്യം ലഭിക്കാന്‍ 40.15 ലക്ഷം മെട്രിക് ടണ്‍ വിതരണം ചെയ്യേണ്ടിയിരുന്നു.

ഇത് പ്രകാരം കണക്ക് കൂട്ടിയാല്‍ 803 മില്യണ്‍ ഉപഭോക്താക്കളില്‍ അധിക ധാന്യം ലഭിച്ചത് 603 മില്യണ്‍ പേര്‍ക്ക് മാത്രം. ഭക്ഷ്യസുരക്ഷാ നിയമ പരിധിയില്‍ വരുന്ന നാലില്‍ ഒന്ന് പേര്‍ക്ക് അഥവാ 20 കോടി പേര്‍ക്ക് ഈ ആനുകൂല്യം ലഭിച്ചില്ല. വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ വരുത്തിയ വീഴ്ചയാണ് ഇതിന് പിന്നിലെ പ്രധാന കാരണം.

കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് വിതരണം ചെയ്യേണ്ടത് 70000 ടണ്‍ ധാന്യം. എന്നാല്‍ നല്‍കിയത് 688 ടണ്‍. ഒരു ശതമാനത്തിലും താഴെ. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് വിതരണം ചെയ്തത് 1.3 ലക്ഷം ടണ്‍ മാത്രം. വിതരണം ചെയ്യേണ്ടിയിരുന്നത് 2.73 ലക്ഷം ടണ്‍ ഭക്ഷ്യ ധാന്യം. കര്‍ണാടക വിതരണം ചെയ്തത് 48 ശതമാനം മാത്രം.ദില്ലി , ജാര്‍ഖണ്ഡ്, ഒഡീഷ സംസ്ഥാനങ്ങള്‍ ഭക്ഷ്യ ധാന്യ വിതരണത്തില്‍ ഗുരുതര വീഴ്ച വരുത്തി.
കേരളം, ആന്ധ്രപ്രദേശ്, യു പി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ 95 ശതമാനത്തിലേറെ വിതരണം നടത്തിയിട്ടുണ്ട്. അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ്, ചണ്ടീഗഡ് എന്നിവിടങ്ങളില്‍ നിശ്ചയിച്ചതിലും കൂടുതല്‍ ഭക്ഷ്യ ധാന്യം ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News