സന്യാസിനി വിദ്യാര്‍ത്ഥിനി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; മൃതദേഹം കണ്ടെത്തിയത് കിണറ്റില്‍

പത്തനംതിട്ട: തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തില്‍ അന്തേവാസിയായ വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി. ജോണ്‍ ആണ് മരിച്ചത്. ദുരൂഹമരണത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.

പന്ത്രണ്ടുമണിയോടെയാണ് സംഭവം. അന്തേവാസികള്‍ വലിയ ശബ്ദംകേട്ട് തിരച്ചില്‍ നടത്തിയപ്പോള്‍ ദിവ്യയെ മഠത്തിന്റെ കെട്ടിടത്തോട് ചേര്‍ന്നുളള കിണറ്റില്‍ കാണപ്പെടുകയായിരുന്നു.

ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന്, പൊലീസും, ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിന് ശേഷം, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദിവ്യ മരിച്ചു.

മരണത്തിന്റെ കാരണം വ്യക്തമല്ല. കിണറ്റില്‍നിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാല്‍വഴുതി വീണതോ, ആത്മഹത്യയോ ആവാമെന്നാണ് പ്രാഥമിക നിഗമനം.

മഠത്തില്‍ ദിവ്യയുമായി ബന്ധപ്പെട്ട് മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അന്തേവാസികള്‍ പറയുന്നു.

വെള്ളം ശേഖരിക്കുന്നതിനായി കിണറ്റില്‍ മോട്ടോര്‍ വച്ചിട്ടുണ്ട്. എങ്കിലും ചെടി നനയ്ക്കുന്നതിനും മറ്റുമായി തൊട്ടി ഉപയോഗിച്ച് വെള്ളം കോരുന്നതും പതിവായിരുന്നു. ഇത് കിണറിനു സമീപമുണ്ട്.

തിരുവല്ല ഡിവൈഎസ്പി ഉമേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. മറ്റ് അന്തേവാസികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

ദുരൂഹത തുടരുന്ന പശ്ചാത്തലത്തില്‍ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് പൊലിസ് അറിയിച്ചു. മഠത്തില്‍, അഞ്ചുവര്‍ഷമായി കന്യാസ്ത്രീ പഠന വിദ്യാര്‍ഥിനിയായിരുന്നു 21കാരിയായ ദിവ്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here