വീട് വെക്കാന്‍ വാങ്ങിയ ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തൊടുപുഴ-കരിമണ്ണൂരിലെ ഓട്ടോ ഡ്രൈവര്‍. മന്ത്രി എം എം മണി മുഖാന്തരമാണ് 5 സെന്റ് സ്ഥലത്തിന്റെ രേഖകള്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
തൊടുപുഴ പ്രൈവറ്റ് ബസ് സറ്റാന്റിന് സമീപം ഓട്ടോ ഓടിക്കുന്ന ടി.സി സെബാസ്റ്റ്യനും സ്വകാര്യ സ്ഥാപനത്തില്‍ തൂപ്പ് ജോലി ചെയ്യുന്ന ഭാര്യ സല്‍മയുമാണ് വീട് വെക്കാനായി വാങ്ങിയ ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
ഇല്ലായ്മയുടെ കഥ ഏറെ പറയാനുണ്ട് ഇവർക്ക്. എന്തിനേറെ, ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ഭൂമിയുടെ ആധാരം പോലും കഴിഞ്ഞ ഫെബ്രുവരി വരെ ബാങ്കിൽ പണയത്തിലായിരുന്നു. ആകെയുള്ള 16 സെന്റില്‍ 5 സെൻ്റും ഇവര്‍ നാടിന്റെ കരുതലിനായി മാറ്റി വെച്ചു.
വിദേശത്ത് ജോലി ചെയ്യുന്ന മകന്റെ സഹായത്തോടെയാണ് വസ്തു തിരിച്ചെടുത്തത്. കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള ഈ സല്‍പ്രവര്‍ത്തനത്തിന് മകന്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ചതോടെ ദമ്പതികള്‍ ഭൂമി കൈമാറുകയിരുന്നു.
മിശ്രവിവാഹിതരായ ദമ്പതിമാർക്ക് കുടുംബങ്ങളിൽ നിന്ന് സഹായമൊന്നും ലഭിക്കുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ട് ഏറെ ഉണ്ടെങ്കിലും നാടിൻ്റെ നന്മയ്ക്ക് കൈ കോർക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണിവർ.
സുമനസ്സുള്ള ദമ്പതികളെ മന്ത്രി എം എം മണി അഭിനന്ദിച്ചു. വലിയ മാതൃകയാണ് സെബാസ്റ്റ്യനും സൽമയുമെന്ന് മന്ത്രി പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.