കേരളത്തിന്റെ കരുതലിലേക്ക് പറന്നിറങ്ങി പ്രവാസികള്‍; നെടുമ്പാശേരിയിലും കരിപ്പൂരിലും വിമാനങ്ങളിറങ്ങി; യാത്രക്കാര്‍ ക്വാറന്റൈനിലേക്ക്

വിദേശത്ത് നിന്നുള്ള പ്രവാസികളെയും വഹിച്ചുള്ള ആദ്യ വിമാനങ്ങള്‍ കരിപ്പൂരിലും നെടുമ്പാശേരിയിലുമെത്തി. ആദ്യ വിമാനം കൊച്ചിയില്‍ എത്തിയത് അബുദാബിയില്‍ നിന്നും 10 08 നാണ് വിമാനം നെടുമ്പാശേരിയില്‍ ലാന്റ് ചെയ്തത്.

രണ്ടാം വിമാനം 10 32 ന് കരിപ്പൂരിലിറങ്ങി. നാല് കുട്ടികളും 49 ഗര്‍ഭിണികളും ഈ വിമാനത്തില്‍ നാട്ടിലേക്കെത്തി. 182 യാത്രക്കാരുമായാണ് രണ്ടാം വിമാനം കരിപ്പൂരില്‍ ലാന്റ് ചെയ്തത്.

വിമാനത്താവളത്തില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ആദ്യ വിമാനത്തിലെ 60 യാത്രക്കാരും തൃശ്ശൂര്‍ സ്വദേശികളാണ്.

ഇവര്‍ക്ക് പോകാനായി മൂന്ന് കെഎസ്ആര്‍ടിസി ബസുകളാണ് ഒരുക്കിയത്. ആകെ എട്ട് കെഎസ്ആര്‍ടിസി ബസുകളും 40 ഓളം ടാക്‌സികളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

വിമാനത്തിലെ യാത്രക്കാരെ 30 പേരെ വീതം ആറ് ബാച്ചുകളായാണ് ഇറക്കുക. ഇവരെ ആദ്യം തെര്‍മല്‍ സ്‌കാനറിലൂടെ കയറ്റും. ആര്‍ക്കെങ്കിലും രോഗ ലക്ഷണം കാണിച്ചാല്‍ ഇവരെ ഉടന്‍ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും.

എമിഗ്രേഷന്‍ നടപടികള്‍ക്കായി അഞ്ച് കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. പത്ത് ജീവനക്കാരാണ് ഇവിടെയുള്ളത്. പരമാവധി ഒന്നര മിനുട്ടില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ക്വാറന്റീനില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് യാത്രക്കാര്‍ക്ക് ക്ലാസ് നല്‍കും.

അഞ്ച് മിനുട്ടാണ് ഈ ക്ലാസിന്റെ ദൈര്‍ഘ്യം. ജില്ലാ ഭരണകൂടമാണ് ക്ലാസെടുക്കുന്നത്. പിന്നീട് ക്വാറന്റീന്‍ ലംഘിക്കില്ലെന്ന് സത്യവാങ്മൂലം എഴുതി വാങ്ങും.

നോര്‍ക്കയുമായി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്ത ശേഷം വീണ്ടും തെര്‍മല്‍ സ്‌കാന്‍ നടത്തും. പിന്നീട് ജില്ല തിരിച്ച് യാത്രക്കാരെ ഇരുത്തും. അതിന് ശേഷം ഇവരെ ക്വാറന്റീനിലേക്ക് മാറ്റും.

രണ്ടാം വിമാനത്തില്‍ നിന്നുള്ള യാത്രക്കാരെ 20 പേരുള്ള ബാച്ചുകളായാണ് പുറത്തേക്കിറക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി പരിശോധന നടത്തി എന്തെങ്കിലും മെഡിക്കല്‍ സഹായം ആവശ്യമുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തില്‍ എത്തിയ അഞ്ച് പേര്‍ കുട്ടികളാണ്. എയര്‍ ഇന്ത്യയുടെ ഐഎക്‌സ് 344 നമ്പര്‍ വിമാനം 10.32 ഓടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.

വിമാനത്താവളത്തില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. രണ്ട് എസ് പി മാരും, നാല് ഡിവൈഎസ്പിമാരും, 1006 പോലീസ് ഉദ്യോഗസ്ഥരും സുരക്ഷയ്ക്കായി വിമാനത്താവളത്തിലുണ്ട്. കൊവിഡ് കെയര്‍ സെന്റര്‍ വരെ യാത്രക്കാരുടെ കൂടെ പോലീസ് അനുഗമിക്കും.

എമിഗ്രേഷന്‍ നടപടികള്‍ക്കായി പത്ത് കൗണ്ടറുകളാണ് സജ്ജീകരിച്ചത്. യാത്രക്കാരെ 20 പേര്‍ വീതമുള്ള ബാച്ചുകളായാണ് പുറത്തിറക്കുക. ഇവരുടെ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ അടുത്ത ടീമിനെ പുറത്തിറക്കൂ.

അബുദാബിയില്‍ നിന്നുള്ള യാത്രക്കാരുമായി ആദ്യ വിമാനം കൊച്ചിയില്‍ നേരത്തെ പറന്നിറങ്ങിയിരുന്നു. 181 പേരാണ് ഈ വിമാനത്തില്‍ നാട്ടിലേക്ക് തിരികെയെത്തിയത്. നാല് കുട്ടികളും 49 ഗര്‍ഭിണികളും ഈ വിമാനത്തില്‍ നാട്ടിലേക്കെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here