ലോക്ഡൗണിനു പിന്നാലെ ഇന്ത്യയിലെ ജനനനിരക്ക് റെക്കോര്‍ഡിലെത്തുമെന്ന് യുനിസെഫ് റിപ്പോര്‍ട്ട്. കൊവിഡിനെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച 2020 മാര്‍ച്ച് 11 മുതല്‍ 2020 ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരം രാജ്യത്തു 2.01 കോടി കുഞ്ഞുങ്ങള്‍ ജനിക്കുമെന്നാണ് യുനിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാതൃദിനത്തിനു (മേയ് 10) മുന്നോടിയായാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ലോകത്താകെ 11.6 കോടി കുഞ്ഞുങ്ങള്‍ ജനിക്കുമെന്നും യുനിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈന (1.35 കോടി), നൈജീരിയ (64 ലക്ഷം), പാക്കിസ്ഥാന്‍ (50 ലക്ഷം), ഇന്തൊനീഷ്യ (40 ലക്ഷം), യുഎസ് (33 ലക്ഷം) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്കുകള്‍.
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യരംഗം സമ്മര്‍ദവും തടസ്സങ്ങളും നേരിടുന്നത് ഗര്‍ഭിണികളിലും കുഞ്ഞുങ്ങളിലും പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ശിശുമരണനിരക്ക് ഉയര്‍ന്ന രാജ്യങ്ങളില്‍ കൊവിഡ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നവജാത ശിശുക്കളും അമ്മമാരും ലോക്ഡൗണ്‍, കര്‍ഫ്യൂ, ചികിത്സാ അപര്യാപ്തത തുടങ്ങിയ കടുത്ത യാഥാര്‍ഥ്യങ്ങളെയാണു നേരിടേണ്ടി വരിക. കൊവിഡ് ചികിത്സയ്ക്കു നിയോഗിക്കപ്പെടുന്നതിനാല്‍ ആരോഗ്യജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ടാകുമെന്ന് യുനിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്റീറ്റ ഫോര്‍ പറയുന്നു.

Get real time update about this post categories directly on your device, subscribe now.