കൊവിഡിന്റെ മറവില്‍ തൊഴില്‍ നിയമങ്ങളെ കശാപ്പ് ചെയ്ത യോഗി സര്‍ക്കാര്‍; ഫാക്ടറികളെയും വ്യാപാര മേഖലയെയും തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കി

ദില്ലി: കൊവിഡിന്റെ മറവില്‍ തൊഴില്‍ നിയമങ്ങളെ കശാപ്പ് ചെയ്ത് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍.

ഫാക്ടറികള്‍, വ്യാപാര മേഖല തുടങ്ങിവയെ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കി ഓര്‍ഡിനന്‍സ് ഇറക്കി. ഭൂരിഭാഗം തൊഴില്‍ നിയമങ്ങളും ഇനി ഉത്തര്‍പ്രദേശില്‍ ബാധകമാകില്ല. തൊഴില്‍ സുരക്ഷ, തൊഴിലാളികളുടെ ആരോഗ്യം തുടങ്ങിയവ ഉറപ്പാക്കുന്ന നിയമങ്ങളാണ് മരവിപ്പിച്ചത്.

കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. എന്നാല്‍ ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന പേരില്‍ കടുത്ത മനുഷ്യാവകാശ ലംഘനത്തിന് വഴി തുറക്കുന്ന നിയമം കൊണ്ടുവന്നിരിക്കുകയാണ് ഉത്തര്‍പ്രദേശ് ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍.

അടുത്ത 3 വര്‍ഷത്തേക്ക് ബഹുഭൂരിഭാഗം തൊഴില്‍ നിയമങ്ങളും സംസ്ഥാനത്ത് ഇനി ബാധകമല്ല. ഫാക്ടറികള്‍, തൊഴില്‍ ശാലകള്‍, വ്യാപാര മേഖല തുടങ്ങിവയെ തൊഴില്‍ നിയമ പരിധിയില്‍ നിന്ന് ഒഴിവാക്കികൊണ്ടാണ് ബിജെപിയുടെ തൊഴിലാളി വിരുദ്ധ നടപടി. പുതുതായി തുടങ്ങുന്ന സംരഭങ്ങള്‍ക്കും ഇത് പ്രകാരം പ്രവര്‍ത്തിച്ചാല്‍ മതി. ഇത് സംബന്ധിച്ച ഉത്തര്‍പ്രദേശ് താല്‍ക്കാലിക തൊഴില്‍ നിയമങ്ങള്‍ ഒഴിവാക്കല്‍ ഓര്‍ഡിനന്‍സിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി.

തൊഴില്‍ സുരക്ഷ, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം, തൊഴിലാളികളുടെ ആരോഗ്യം എന്നിവ ഉറപ്പാക്കുന്ന നിയമങ്ങളൊന്നും ഇനി യോഗി ആദിത്യനാഥിന്റെ സംസ്ഥാനത്ത് ബാധകമല്ല. കുട്ടികളും സ്ത്രീകളുമായി ബന്ധപ്പെട്ട തൊഴില്‍ നിയമങ്ങളും മറ്റ് 4 തൊഴില്‍ നിയമങ്ങളും മാത്രമാണ് ബാധകമാവുക.

കേന്ദ്ര സര്‍ക്കാര്‍ അനുമതിക്ക് വേണ്ടി ഓര്‍ഡിനന്‍സ് വൈകാതെ അയക്കും. മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരും തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് യു പി സര്‍ക്കാര്‍ നടപടി. മധ്യപ്രദേശില്‍ തൊഴില്‍ സമയം ആഴ്ചയില്‍ 72 മണിക്കൂര്‍ ആക്കി ഉയര്‍ത്തി. പുതിയ നിയമ പ്രകാരം മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയും ആരോഗ്യ ചട്ടങ്ങള്‍ പാലിക്കാതെയും പുതിയ വ്യവസായങ്ങള്‍ ആരംഭിക്കാനാകും.

ബിജെപി സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ സമീപനത്തിനെതിരെ സിപിഐഎം രംഗത്ത് എത്തി. ബിജെപിയുടെ നീചമായ അജണ്ട ചെറുത്ത് തോല്‍പിക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആഹ്വാനം ചെയ്തു. തൊഴിലാളികള്‍ അടിമകളല്ല. തൊഴിലാളികളെ ഇല്ലാതാക്കുക എന്നാല്‍ സാമ്പത്തിക വളര്‍ച്ച ഇല്ലാതാക്കലാണെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വേഗത്തില്‍ തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാക്കും. ഇത് കാരണമായി പറഞ്ഞ് ഈ നയം കേന്ദ്ര സര്‍ക്കാര്‍ രാജ്യമാകെ നടപ്പാക്കുമെന്നും യെച്ചൂരി മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News