കൊവിഡ് പ്രതിരോധം: കേരളത്തിന് പ്രശംസയുമായി വീണ്ടും ദ ഇക്കണോമിസ്റ്റ്; കേരളം ലളിതമായി വൈറസിനെ നേരിട്ടു

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് പ്രശംസയുമായി വീണ്ടും അന്താരാഷ്ട്ര പ്രതിവാര പത്രമായ ദ എക്കണോമിസ്റ്റ്.

കൊവിഡ് പ്രതിരോധത്തില്‍ കേരളം സ്വന്തമാക്കിയത് മിന്നുന്ന ഫലമാണെന്നും കേരളം കൊവിഡിനെ ഊര്‍ജ്ജസ്വലമായി നേരിട്ടെന്നും എക്കണോമിസ്റ്റ് അഭിപ്രായപ്പെട്ടു.

ചുരുങ്ങിയ ചെലവിലും ലളിതവുമായി കേരളം കൊവിഡിനെ നേരിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ താഴെ തട്ടില്‍ വരെ ചടുലമായി പ്രവര്‍ത്തിച്ചെന്നും എക്കണോമിസ്റ്റ് വ്യക്തമാക്കി.

രോഗികളോട് സഹാനുഭൂതി കാണിച്ചുകൊണ്ടായിരുന്നു ചികില്‍സ. ക്വാറന്റീനില്‍ ഉള്ളവര്‍ക്കായി കോള്‍ സെന്ററുകള്‍ സജ്ജമാക്കി. ഇതിലൂടെ അവര്‍ക്ക് ഭക്ഷണവും മരുന്നും ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കി. അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ക്ക് സൗജന്യ ഭക്ഷണമെത്തിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്തെ അഞ്ചില്‍ ഒന്ന് കേസുകളും കേരളത്തിലായിരുന്നു. ആറു ആഴ്ചയ്ക്ക് ശേഷം സംസ്ഥാനം തിരിച്ചുള്ള രോഗികളുടെ എണ്ണത്തില്‍ 16മതായെന്ന് എക്കണോമിസ്റ്റ് പറയുന്നു.

പൊതുജനാരോഗ്യമേഖലയില്‍ കേരളത്തിനുളളത് ദീര്‍ഘ കാലത്തെ നിക്ഷേപമാണ്. ഇത് ഏറെ ഗുണം ചെയ്തു. ഇതിന് സാധ്യമായത് അവിചാരിതമായല്ലെന്നും കമ്യുണിസത്തിന്റെ സ്വാധീനം കൊണ്ടാണെന്നും എക്കണോമിസ്റ്റ് അഭിപ്രായപ്പെട്ടു.

176 വര്‍ഷം പഴക്കമുള്ള പത്രമാണ് എകണോമിസ്റ്റ്. സ്വകാര്യവല്‍ക്കരണം, നിയന്ത്രണങ്ങള്‍ ഇല്ലാത്ത മാര്‍ക്കറ്റ് എന്നീ നിലപാടുകളുടെ വക്താക്കളാണ് ഈ പത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel