മൂന്നാം വരവ് ഉണ്ടാകാതിരിക്കാന്‍ എല്ലാം ചെയ്യുന്നു, ഉണ്ടായാലും നേരിടാനും അതിജീവിക്കാനും തയ്യാര്‍: നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് വൈറസിന്റെ മൂന്നാം വരവ് ഉണ്ടാകാതിരിക്കാന്‍ എല്ലാം ചെയ്യുന്നുണ്ടെന്നും അഥവാ ഉണ്ടായാലും നേരിടാനും അതിജീവിക്കാനും സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇന്ന് ആദ്യ കൊവിഡ് സ്ഥിരീകരിച്ച് നൂറ് ദിവസമായി. ജനുവരി 30ന് വിദേശത്ത് നിന്ന് കേരളത്തിലെത്തിയ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടക്കത്തില്‍ തന്നെ രോഗം പടരാതിരിക്കാന്‍ സാധിച്ചു. മാര്‍ച്ച് ആദ്യവാരമാണ് കൊവിഡിന്റെ രണ്ടാം വരവ്. രണ്ട് മാസങ്ങള്‍ക്കിപ്പുറം രോഗത്തിന്റെ ഗ്രാഫ് സമനിലയിലാക്കാന്‍ കഴിഞ്ഞു.

നൂറ് ദിവസം പിന്നിടുന്നതും രോഗസൗഖ്യത്തിന്റെ നിരക്ക് ലോകത്തെ തന്നെ ഏറ്റവും മികച്ചതുമായ ഘട്ടത്തില്‍ കേരളത്തിനു പുറത്തും വിദേശത്ത് നിന്നുമുള്ള പ്രവാസികളെ നാട്ടിലേക്ക് സ്വീകരിക്കുന്നു. ഇവരെ പരിചരിക്കാനുള്ള സന്നാഹം ഒരുക്കിയിട്ടുണ്ട്.

ക്വാറന്റീനില്‍ കഴിയുന്നവരും വീട്ടിലേക്ക് പോകുന്നവരും ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന രീതിയിലേ പ്രവര്‍ത്തിക്കാവൂ. ശാരീരിക അകലം പ്രധാനം. വീട്ടിലായാലും ക്വാറന്റീന്‍ കേന്ദ്രത്തിലും പ്രത്യേക ശ്രദ്ധ വേണം. വീട്ടുകാരും ശ്രദ്ധിക്കണം.

അശ്രദ്ധയുടെ ചില ദോഷഫലങ്ങള്‍ മുന്‍പ് അനുഭവിച്ചതാണ്. അവരുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. നാളുകള്‍ക്ക് ശേഷം നാട്ടില്‍ വന്നവരാണെന്ന് കരുതി സന്ദര്‍ശനം നടത്തുന്ന പതിവ് രീതിയും പാടില്ല. ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന ജാഗ്രതയാണ് സമൂഹത്തെ വരും ദിവസങ്ങളില്‍ സംരക്ഷിച്ച് നിര്‍ത്തുക. ഈ ബോധം എല്ലാവര്‍ക്കും ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News