ബാബാറി മസ്ജിദ്: ക്രിമിനല്‍ ഗൂഢാലോചനാ കേസില്‍ വിധിപറയാനുള്ള സമയം നീട്ടിനല്‍കി സുപ്രീംകോടതി

ബാബറി മസ്ജിദ് തകർത്തതിലെ ക്രിമിനൽ ഗൂഢാലോചനാ കേസിൽ വിധി പറയാൻ സമയം നീട്ടി നൽകി സുപ്രീംകോടതി.

ആഗസ്റ്റ് 31 നകം വിധി പറയണമെന്ന് പ്രത്യേക സിബിഐ വിചാരണാ കോടതിക്ക് നിർദേശം. ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാ ഭാരതി മുരളി മനോഹര്‍ ജോഷി തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.

മൊഴി രേഖപ്പെടുത്തൽ പോലും പൂർത്തിയായില്ലെന്ന് വിചാരണാ കോടതി അറിയിച്ചതിനെ തുടർന്നാണ് സമയം നീട്ടി നൽകിയത്.

1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തതിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസ് 2017 മുതൽ ലക്‌നൗവിലെ സിബിഐ കോടതിയുടെ പരിഗണനയിലാണ്.

കേസിൽ ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാ ഭാരതി, കല്യാൺ സിംഗ്, മുരളി മനോഹര്‍ ജോഷി, വിനയ് കാത്യാർ തുടങ്ങിയ പതിനേഴ് പ്രതികളാണുള്ളത്. കേസിന്റെ വിധി വൈകുന്നതിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ 9 മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാൻ സുപ്രീം കോടതി ഉത്തരവിട്ടു. വിചാരണ കോടതി ജഡ്ജി എസ് കെ യാദവിന്റെ സേവന കാലാവധി നീട്ടുകയും ചെയ്തു.

ഇത് പ്രകാരം ഈ വർഷം ഏപ്രിൽ മാസം വിധി ഉണ്ടാകണമായിരുന്നു. എന്നാൽ ഇതുണ്ടായില്ല. മൊഴി രേഖപ്പെടുത്തൽ പോലും പൂർത്തിയായില്ലെന്നും കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച വിചാരണ കോടതി ജഡ്‌ജി സുപ്രീംകോടതിക്ക് കത്ത് നൽകി.

ഇത് പരിഗണിച്ചാണ് സുപ്രീം കോടതി വീണ്ടും സമയം നീട്ടി നൽകിയത്. ആഗസ്റ്റ് 31നുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പറയാനാണ് ജസ്റ്റിസ്മാരായ ആർ എഫ് നരിമാൻ, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

കൊവിഡ് പശ്ചാത്തലത്തിൽ കോടതി ചേരുന്നതിൽ തടസമുള്ളതിനാൽ നടപടികൾ പൂർത്തിയാക്കാൻ വീഡിയോ കോൺഫറൻസ് സൗകര്യം ഉപയോഗിക്കാമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഇപ്പോൾ അനുവദിച്ച സമയ പരിധി ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കണമെന്നും സുപ്രീംകോടതി സിബിഐ കോടതിക്ക് മുന്നറിയിപ്പ് നൽകി.

ഇതുമായി ബന്ധപ്പെട്ട സിവിൽ കേസിൽ കഴിഞ്ഞ വർഷം നവംബർ 8ന് സുപ്രീംകോടതി വിധി പറഞ്ഞിരുന്നു. തർക്കഭൂമിയിൽ ക്ഷേത്ര നിർമാണത്തിന് അനുമതി നൽകികൊണ്ടായിരുന്നു ഭരണഘടനാ ബെഞ്ച് വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News