പ്രവാസികളുമായി മൂന്ന് വിമാനങ്ങള്‍ ഇന്ന് കൊച്ചിയിലേക്ക്; മാലിദ്വീപില്‍ നിന്നും പുറപ്പെട്ട നാവികസേന കപ്പല്‍ നാളെയെത്തും; യാത്രക്കാരെ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍

കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ കുടങ്ങിയ പ്രവാസികളേയും കൊണ്ടുള്ള മൂന്നു വിമാനങ്ങള്‍ ഇന്നു രാത്രിയും നാളെ പുലര്‍ച്ചെയുമായി കൊച്ചിയിലെത്തും. കുവൈത്ത്, മസ്‌ക്കത്ത്, ദോഹ എന്നിവിടങ്ങളില്‍നിന്നാണ് മലയാളികളുമായി വിമാനം എത്തുക. മാലിദ്വീപില്‍ കുടുങ്ങിയ 732 യാത്രക്കാരുമായി ഇന്നലെ രാത്രി പുറപ്പെട്ട നാവികസേനയുടെ ഐഎന്‍എസ് ജലാശ്വ നാളെ കൊച്ചിയിലെത്തും.

കുവൈത്തിലേക്കുള്ള വിമാനം കൊച്ചിയില്‍നിന്നു രാവിലെ പത്തിന് പുറപ്പെട്ട് രാത്രി 9.15ന് മടങ്ങിയെത്തും. മസ്‌കത്ത് വിമാനം ഉച്ചയ്ക്ക് ഒന്നിന് യാത്രതിരിച്ച് രാത്രി 8.50ന് തിരിച്ചെത്തും. ദോഹ വിമാനം വൈകീട്ട് നാലിന് പുറപ്പെടും. നാളെ പുലര്‍ച്ചെ 1.40ന് മടങ്ങിയെത്തും.

നാവികസേനയുടെ ഐഎന്‍എസ് ജലാശ്വയിലെ യാത്രക്കാരില്‍ 19 ഗര്‍ഭിണികളും കുട്ടികളുമുണ്ട്. ബോട്ടുകളിലും പ്രത്യേക ബസുകളിലുമാണ് യാത്രക്കാര്‍ പരിശോധനയ്ക്കെത്തിയത്. വിമാനത്താവളത്തിലായിരുന്നു ആരോഗ്യപരിശോധനയും പാസ്പോര്‍ട്ട് ഉള്‍പ്പെടെ രേഖകള്‍ പരിശോധനയും സജ്ജീകരിച്ചിരുന്നത്. ആവശ്യമായ ക്രമീകരണങ്ങള്‍ ഇല്ലായിരുന്നുവെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.

സാമൂഹ്യ അകലം പാലിച്ച് നടപടിക്രമം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. വാഹനങ്ങളില്‍ നൂറുകണക്കിനാളുകള്‍ ഒരേസമയം വിമാനത്താവളത്തിലേക്ക് എത്തി. കൗണ്ടറുകള്‍ ആവശ്യത്തിന് സജ്ജീകരിക്കാതിരുന്നതിനാല്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിവന്നു.

യാത്രക്കാരെ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ പോര്‍ട്ട് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ഒരുക്കിയിട്ടുണ്ട്. തുറമുഖത്തെ സമുദ്ര ക്രൂയിസ് ടെര്‍മിനലിലാണ് ഇമിഗ്രേഷന്‍ സൗകര്യം. ആവശ്യത്തിന് കൗണ്ടറുകളും ആരോഗ്യപരിശോധനാ സംവിധാനങ്ങളും ഒരുങ്ങി.

50 വീതം യാത്രക്കാരെ എത്തിച്ചായിരിക്കും പരിശോധന പൂര്‍ത്തിയാക്കുക. എല്ലാവരെയും ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കെത്തിക്കാന്‍ 50 കെഎസ്ആര്‍ടിസി ബസുകളും മറ്റ് വാഹനങ്ങളും തയ്യാറാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News