അയോധ്യ രാമക്ഷേത്ര ട്രസ്റ്റിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ദില്ലി: അയോധ്യ രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് ആദായ നികുതി ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ക്ഷേത്ര ട്രസ്റ്റിന്റെ വരുമാനത്തിന് ആദായ നികുതി ഇളവ് നല്‍കിയത് കൂടാതെയാണ് സംഭാവന നല്കുന്നവര്‍ക്കും ഇളവ് പ്രഖ്യാപിച്ചത്.

രാജ്യത്തെ സമ്പന്നരില്‍ നിന്ന് അധിക നികുതി ഈടാക്കണമെന്ന് പറഞ്ഞതിന് ഐ ആര്‍ എസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിച്ച സര്‍ക്കാരാണ് ക്ഷേത്രണനിര്‍മാണത്തിന് സംഭാവന നല്‍കിയാല്‍ ആദായ നികുതി ഇളവ് നല്‍കുന്നത്.

സുപ്രീംകോടതി വിധി പ്രകാരം ഫെബ്രുവരി 5നാണ് അയോധ്യയിലെ ക്ഷേത്ര നിര്‍മാണത്തിന് ശ്രീ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. ഈ ട്രസ്റ്റിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് ആദായ നികുതി ഇളവ് നല്‍കിയാണ് കൊവിഡ് കാലത്തെ കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണന നയം.

സംഭാവന നല്‍കുന്നവര്‍ക്ക് ആദായ നികുതി വകുപ്പ് നിയമത്തിലെ 80 ജി വകുപ്പ് പ്രകാരമുള്ള ഇളവ് പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പാണ് വിജ്ഞാപനം പുറത്തിറക്കിയത്. ക്ഷേത്ര ട്രസ്റ്റിലേക്ക് സംഭാവന ചെയ്യുന്നവര്‍ക്ക് 50 ശതമാനം വരെ ആദായ നികുതി ഇളവ് ലഭിക്കും.

2020 – 21 സാമ്പത്തിക വര്‍ഷം മുതല്‍ ഇളവ് ലഭ്യമാകും. ക്ഷേത്ര ട്രസ്റ്റിന്റെ വരുമാനത്തിന് ആദായ നികുതി ഇളവ് നല്‍കിയത് കൂടാതെയാണ് സംഭാവന നല്കുന്നവര്‍ക്കും ഇളവ് പ്രഖ്യാപിച്ചത്. ആദായ നികുതി നിയമത്തിലെ 11, 12 വകുപ്പ് പ്രകാരമുള്ള ഇളവിന് ട്രസ്റ്റ് അപേക്ഷിച്ചിരുന്നു. ഇത്തരം ഇളവ് ലഭിക്കുന്ന ട്രസ്റ്റിലേക്ക് സംഭാവന ചെയ്യുന്നവര്‍ക്ക് നല്‍കുന്നതാണ് 80 ജി വകുപ്പ് പ്രകാരമുള്ള ഇളവ്.

സര്‍ക്കാര്‍ നടപടി നിയമപരമാണെന്ന് അവകാശപ്പെടുമ്പോഴും ഇതിന് പിന്നിലെ രാഷ്ട്രീയം, ധാര്‍മികത, തീരുമാനം എടുത്ത സമയം എന്നിവയ്‌ക്കെതിരയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. കൊവിഡ് നേരിടാന്‍ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയാല്‍ അത് സി എസ് ആര്‍ ഫണ്ടായി കണക്കാക്കില്ല എന്ന് പ്രഖ്യാപിച്ച സര്‍ക്കാരാണ് ഈ ഇളവ് നല്‍കിയതെന്നോര്‍ക്കണം.

ഇത് കൂടാതെ രാജ്യത്തെ സമ്പന്നരില്‍ നിന്ന് അധിക നികുതി ഈടാക്കണമെന്ന് പറഞ്ഞതിന് ഐ ആര്‍ എസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിച്ച ഇതേ കേന്ദ്ര സര്‍ക്കാര്‍ വകുപ്പിന് ക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കിയാല്‍ ആദായ നികുതി ഇളവ് നല്‍കാന്‍ മനസുണ്ടായി എന്നതാണ് മറ്റൊരു വിരോധാഭാസം.

എല്ലാത്തിനുമുപരി കൊവിഡ് പ്രതിസന്ധി കാലത്ത് തത്കാലം തുടങ്ങില്ലെന്ന് ഉറപ്പുള്ള ക്ഷേത്ര നിര്‍മാണത്തിന് ആദായ നികുതി ഇളവ് നല്‍കാന്‍ ഈ സര്‍ക്കാര്‍ സമയം കണ്ടെത്തി. എന്നാല്‍ 20 കോടി ജനങ്ങള്‍ക്ക് പ്രഖ്യാപിച്ച അധിക ഭക്ഷ്യ ധാന്യം ലഭിക്കാത്തത് പരിഹരിക്കാനോ, രണ്ടാമതൊരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനോ ഇതുവരെ ഈ സര്‍ക്കാരിന് സമയം കിട്ടിയതുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News