ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ്; ഇരുവരും കഴിഞ്ഞദിവസം വിദേശത്ത് നിന്ന് വന്നവര്‍; രോഗമുക്തി ഒരാള്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

രോഗം സ്ഥിരീകരിച്ച രണ്ടു പേരും കഴിഞ്ഞദിവസം വിദേശത്ത് നിന്നും വന്നവരാണ്. ഒരാള്‍ കോഴിക്കോടും അടുത്തയാള്‍ കൊച്ചിയിലും ചികിത്സയിലാണ്. ഏഴാം തീയതി ദുബായില്‍ നിന്നും കോഴിക്കോടേക്ക് വന്ന വിമാനത്തിലും അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും ഉണ്ടായിരുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ഇടുക്കിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ ഇന്ന് രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് നിലവില്‍ 17 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. 23,930 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 23,596 പേര്‍ വീടുകളിലും 334 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇടപെടലും പ്രതിരോധവും കൂടുതല്‍ ശക്തിപ്പെടുത്തണമെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനത്ത് നിന്ന് വരുന്നവരും അവര്‍ക്ക് വേണ്ടിയുള്ള സുരക്ഷാ സംവിധാനങ്ങളും ജാഗ്രതയോടെ തുടരണം. പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള തയ്യാറെടുപ്പാണ് സര്‍ക്കാര്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാരുമായി നിരന്തരണം ആശയവിനിമയം നടത്തിയാണ് മുന്നോട്ട് പോകുന്നത്.

വിദേശത്ത് നിന്ന് വരുന്നവരുടെ മുന്‍ഗണനാ ക്രമം തയ്യാറാക്കുന്നതും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുന്നതും യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതും ചിലവീടാക്കുന്നതും കേന്ദ്രസര്‍ക്കാരാണ്. നാട്ടിലെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംസ്ഥാനമാണ്. കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി സൗകര്യം ഒരുക്കാന്‍ ജില്ലകളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

പ്രവാസികളെ വിമാനത്താവളത്തിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം കെഎസ്ആര്‍ടിസി ബസില്‍ പ്രത്യേക കേന്ദ്രത്തില്‍ എത്തിക്കുന്നുണ്ട്. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടര്‍ വീതം വൈദ്യ സഹായം ഉണ്ട്. ഇവയുടെ നടത്തിപ്പ് ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. മേല്‍നോട്ടത്തിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്. ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഏപ്രില്‍ ഒന്ന് മുതല്‍ 13.45 കോടി അനുവദിച്ചു.

രോഗികളെ ചികിത്സിക്കാന്‍ 207 സര്‍ക്കാര്‍ ആശുപത്രികളും 125 സ്വകാര്യ ആശുപത്രികളും ഒരുക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ 25 ആശുപത്രികള്‍ കൊവിഡ് ആശുപത്രിയാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലോ ഇന്ത്യയില്‍ തന്നെയോ രോഗം നിയന്ത്രിതമായാല്‍ മാത്രം നാം സുരക്ഷിതമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് 19 കേസ് സ്ഥിരീകരിച്ച ഒരു രാജ്യവും പൂര്‍ണമായി അതിജീവിച്ചിട്ടില്ല. ദിവസേന പുതിയ കേസുകള്‍ എല്ലാ രാജ്യത്തും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 38,20,000 ആണ്. 2,64,000 ത്തോളം പേര്‍ മരിച്ചു. രാജ്യത്ത് രോഗമുള്ളവരുടെ എണ്ണം നാല്‍പതിനായിരത്തോട് അടുക്കുന്നു. മരണസംഖ്യ രാവിലത്തെ കണക്ക് അനുസരിച്ച് 1981 ആണ്. തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം 6,000 കവിഞ്ഞു. മരണം 40 ആയി. കര്‍ണാടകത്തില്‍ 783 രോഗികളും 33 മരണങ്ങളുമുണ്ട്. കൂടുതല്‍ പ്രവാസി മലയാളികളുള്ള സംസ്ഥാനമായ മഹാരാഷ്ട്രയില്‍ രോഗമുള്ളവരുടെ എണ്ണം 20,000 ത്തോട് അടുക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് നാം കോവിഡിനെ പ്രതിരോധിക്കുന്നത്. അതുകൊണ്ടു തന്നെ മടങ്ങിയെത്തുന്ന പ്രവാസികളുടെ ആരോഗ്യം സംരക്ഷിക്കുന്നതും രോഗവ്യാപനം തടയുന്നതും ഏറ്റവും പ്രധാന ചുമതലയായി ഏറ്റെടുക്കുന്നു.

സര്‍ക്കാര്‍ കെയര്‍ സെന്ററിലും വീട്ടിലും കഴിയുന്നവരെ ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെടും. ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവര്‍ക്കു ബന്ധപ്പെടാന്‍ നമ്പരും നല്‍കി. സര്‍ക്കാര്‍ കെയര്‍ സെന്ററില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം 24 മണിക്കൂറും ഉറപ്പ് വരുത്തിയിട്ടുണ്ട്. കോവിഡ് ആശുപത്രികളുടെ നിയന്ത്രണത്തിലാണ് ഓരോ കെയര്‍ സെന്ററും. നിരീക്ഷണത്തിലുള്ളവര്‍ക്ക് കോവിഡ്19 ഇ-ജാഗ്രത ആപ്പും തയാറാക്കിയിട്ടുണ്ട്. രോഗലക്ഷണം ഉണ്ടെങ്കില്‍ വിഡിയോ കോള്‍ വഴി ഡോക്ടര്‍മാര്‍ ബന്ധപ്പെടും. ചെറിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ടെലി മെഡിസിന്‍ വഴി മരുന്ന് കുറിച്ച് എത്തിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News