വ്യവസ്ഥകളോട് സഹകരിക്കണം; പാസില്ലാതെ അതിര്‍ത്തി കടത്തിവിടില്ല

വിദേശത്ത് നിന്നായാലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നായാലും വരുന്നവരോട് ഒരേ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനം. അതിനാലാണ് മറ്റ് സംസ്ഥാങ്ങളിൽ നിന്ന് വരുന്നവർക്കായി പാസ് ഏർപ്പെടുത്തുന്നത്.

ഇതിനായി ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ഒരു ചെക്ക്പോസ്റ്റിൽ നിന്ന് നിശ്ചിത ആളുകളെ മാത്രമേ കടത്തിവിടൂ. അല്ലെങ്കിൽ രോഗവ്യാപനം തടയാൻ സമൂഹമാകെ ചെയ്യുന്ന ത്യാഗം നിഷ്‌ഫലമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിർത്തിയിൽ തിക്കും തിരക്കും ഉണ്ടാക്കുക, ആരോഗ്യവിവരങ്ങൾ മറച്ചുവെക്കുക, അനധികൃത മാർഗം വഴി കടക്കാൻ ശ്രമിക്കുക ഇതെല്ലാം തടഞ്ഞില്ലെങ്കിൽ വലിയ ആപത്തിലേക്ക് നീങ്ങും. എവിടെ നിന്നാണ് വരുന്നത്, എങ്ങോട്ടേക്കാണ് പോകുന്നത്, എത്തിച്ചേരേണ്ട ഇടത്ത് എന്തെല്ലാം സംവിധാനങ്ങളുണ്ട് എന്നൊക്കെ ധാരണയുണ്ടാകണം.

എല്ലാവർക്കും ഒരേസമയം കടന്നുവരണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല. പലർക്കും പ്രയാസങ്ങളുണ്ടെന്ന് മനസിലാകും. എന്നാൽ ആ പ്രയാസങ്ങളെ മുതലെടുത്ത് വ്യാജപ്രചരണം പാടില്ല.

ഒരാൾ അതിർത്തി കടന്ന് വരുമ്പോൾ എത്തേണ്ട സ്ഥലത്ത് കൃത്യമായി എത്തിയെന്ന് ഉറപ്പാക്കേണ്ടത് പൊലീസാണ്. അങ്ങനെ എത്തിയില്ലെങ്കിൽ ചട്ടലംഘനമായി വരും.

സംസ്ഥാനത്തേക്ക് വരുന്നതിനുള്ള പാസ് വിതരണം നിർത്തിയിട്ടില്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. എത്തിച്ചേരേണ്ടവർക്ക് സമയം അറിയിത്തും. നടപടികൾ ലളിതമാക്കാനാണ് ഇത്. പാസിന് അപേക്ഷിക്കുക പോലും ചെയ്യാതെ എത്തിച്ചേരുന്ന ചിലരുണ്ട്.

അതൊക്കെ നടപടികളുടെ താളം തെറ്റിക്കും. ഓരോ ദിവസവും അതിർത്തി വഴി കടന്നുവരാൻ കഴിയുന്ന ആളുകൾ എത്രയെന്ന് കണക്കാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കടത്തിവിടുന്നത്.

പാസ് കിട്ടിയാൽ മാത്രമേ പുറപ്പെടേണ്ട സ്ഥലത്ത് നിന്ന് യാത്ര ആരംഭിക്കാൻ പാടുളളൂ. പാസുമായി വരുന്നവരെ പരിശോധിച്ച് ഉടൻ തന്നെ കടത്തിവിടാൻ ചെക്പോസ്റ്റുകളിൽ നിർദേശം നൽകിയിട്ടുണ്ട്.

പാസിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതിയിലും മറ്റും വ്യത്യാസം ഉണ്ടായാലും പോകാൻ ഇളവ് അനുവദിക്കും.

ഡൽഹി കേരള ഹൗസ്, മുംബൈ കേരള ഹൗസ്, ചെന്നൈ, ബംഗളൂരു നോർക്ക ഓഫീസുകൾ എന്നിവിടങ്ങളിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കും.

ഇതുവരെ 21812 പേരാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിൽ എത്തിയത്. 54262 പേർക്കാണ് ഇതുവരെ പാസ് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here