ഒരു ക്വാറന്റൈൻ കേന്ദ്രത്തിന് ഒരു ഡോക്‌ടർ; പ്രവാസികൾക്ക്‌ സൗകര്യമൊരുക്കാൻ എല്ലാ ജില്ലയിലും നോഡൽ ഓഫീസർ

വിദേശത്ത് നിന്നായാലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നായാലും കേരളത്തിലേക്ക് വരുന്നവർ സുരക്ഷാസംവിധാനങ്ങൾ പൂർണ ജാഗ്രതയോടെ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തിന്റെ ഏത് കോണിൽ കുടുങ്ങിയാലും മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളായിരുന്നു ചെയ്തുവന്നിരുന്നത്. പ്രവാസികൾ നാട്ടിലെത്തിക്കഴിഞ്ഞാൽ അവർക്കായി സൗകര്യം ഏർപ്പെടുത്തുന്നത് സംസ്ഥാന സർക്കാരാണ്.

ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനായി എല്ലാ ജില്ലകളിലും നോഡൽ ഓഫീസർമാരെ നിയമിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ഏകോപിപ്പിക്കുന്നതും ക്വാറന്റൈൻ ഒരുക്കുന്നതിന്റെയും ചുമതല നോഡൽ ഓഫീസർമാർക്കായിരിക്കും. വിമാനത്താവളത്തിൽ എത്തുന്ന പ്രവാസികളെ കെഎസ്ആർടിസി ബസ്സുകളിൽ അവർക്കുവേണ്ടി മുൻനിശ്ചയിച്ച താമസസ്ഥലങ്ങളിലെത്തിക്കും.

എല്ലാ ക്വാറന്റൈൻ കേന്ദ്രങ്ങളിലും ഒരു ഡോക്ടറിന്റെ സേവനം ലഭ്യമാക്കും. ക്വാറന്റീൻ കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കായിരിക്കും.

ക്വാറന്റീൻ കേന്ദ്രങ്ങളുടെ മേൽനോട്ടത്തിനായി ഹെൽത്ത് ഇൻസ്പെക്ടർമാരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും ഉണ്ടാവും. ആവശ്യമായ ആംബുലൻസ് സൗകര്യവും ഉറപ്പാക്കും.

രോഗലക്ഷണമുള്ളവരെ ചികിത്സിക്കാൻ 207 സർക്കാർ ആശുപത്രികളും, ആവശ്യമെങ്കിൽ 125 സ്വകാര്യ ആശുപത്രികളും സജ്ജമാക്കതി. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ 27 ആശുപത്രികളെ സമ്പൂർണ കോവിഡ് കെയർ ആശുപത്രികളാക്കും.

സർക്കാരിന്റെ കെയർ സെന്ററുകളിൽ കഴിയുന്നവരെയും വീട്ടിൽ കഴിയുന്നവരെയും ആരോഗ്യപ്രവർത്തകർ നിരന്തരം ബന്ധപ്പെടും.

ഇവർക്കായി പ്രത്യേകം നമ്പരും നൽകി. നിരീക്ഷണത്തിലുള്ളവർക്കായി കോവിഡ് 19 ഇ ജാഗ്രതാ ആപ്പും തയ്യാറാക്കി. രോഗലക്ഷണമുണ്ടെങ്കിൽ വീഡിയോ കോൾ വഴി ഡോക്ടർമാരുമായി ബന്ധപ്പെടാം. ടെലിമെഡിസിൻ സേവനും ലഭ്യമാണ്.

ക്വാറന്റൈൻ കേന്ദ്രങ്ങളുടെ നടത്തിപ്പിനായി ദുരന്ത നിവാരണ ഫണ്ടിൽനിന്ന് 13.45 കോടിരൂപ അനുവദിച്ചിട്ടുണ്ട്. വൈദ്യുതി ബോർഡും ജല അതോറിറ്റിയയും ക്വാറന്റൈൻ കേന്ദ്രങ്ങളിൽ വൈദ്യുതി – ശുദ്ധജല വിതണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News