നാട്ടുകാര്‍ക്ക് താങ്ങും തണലുമാകുന്ന അമ്മ ഹീറോ തന്നെയാണ്; അമ്മയ്‌ക്കൊപ്പമുള്ള അനുഭവം പങ്കുവെച്ച് മകന്‍

മാതൃദിനത്തില്‍ അമ്മയെക്കുറിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ മകന്‍ ലസിതിന്റെ ഹൃദയംതൊടും കുറിപ്പ്. അമ്മയ്‌ക്കൊപ്പമുള്ള ഹൃദയസ്പര്‍ശിയായ അനുഭവങ്ങളാണ് ലസിത് പങ്കുവച്ചത്.

ലസിതിന്റെ കുറിപ്പ്:

ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ അമ്മ എംഎല്‍എയാണ്. പൊതുപ്രവര്‍ത്തനത്തിന്റെ തിരക്കിനിടയില്‍ എന്നെയും ചേട്ടനെയും വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല എന്നൊരു വിഷമം അമ്മയുടെ ഉള്ളില്‍ എവിടെയോ ഉണ്ടായിരുന്നു. അതുകൊണ്ടാണെന്നു തോന്നുന്നു അഞ്ചാംക്ലാസിനു ശേഷം ഒരിക്കല്‍ പോലും അമ്മ എന്നെ വഴക്കു പറഞ്ഞിട്ടില്ല.

ആദ്യകാലത്തു സ്‌കൂളില്‍ പരിപാടികള്‍ക്കൊക്കെ മറ്റു കുട്ടികളുടെ അമ്മമാര്‍ വരുമ്പോഴൊക്കെ വിഷമം തോന്നിയിട്ടുണ്ട്. പിന്നെ പിന്നെ അമ്മയെ മിസ് ചെയ്യുന്നതുമായി ഞാനും ചേട്ടനും പൊരുത്തപ്പെട്ടു. ഞങ്ങളുടെ ചെറിയ വിഷമങ്ങളും പ്രശ്നങ്ങളും പറഞ്ഞു അമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ശ്രമിച്ചു.

പ്രശ്നങ്ങളോ പ്രതിസന്ധികളോ ഉണ്ടാകുമ്പോള്‍ ഇപ്പോഴും ആദ്യം അമ്മയെ തന്നെയാണു വിളിക്കുന്നത്. എത്ര തിരക്കിനിടയില്‍ നില്‍ക്കുകയാണെങ്കിലും പ്രശ്നം മുഴുവന്‍ പറഞ്ഞു തീരുന്നതു വരെ അമ്മ മുഴുവനായി കേള്‍ക്കും, ആശ്വസിപ്പിക്കും. പരിഹാരവുമായി പക്ഷേ തിരിച്ചു വിളിക്കുന്നത് ഔദ്യോഗിക ജോലികളൊക്കെ കഴിഞ്ഞു അര്‍ധരാത്രിയോടെയാകും.

അമ്മ ഫിസിക്സ് അധ്യാപികയായിരുന്നു. എന്നെ പഠിപ്പിച്ചിട്ടില്ല. പക്ഷേ കൂട്ടുകാരെ പലരെയും പഠിപ്പിച്ചിട്ടുണ്ട്. മറ്റു വിഷയങ്ങള്‍ക്കൊക്കെ മാര്‍ക്ക് കുറഞ്ഞാലും ഫിസിക്സിന് നല്ല മാര്‍ക്കു കിട്ടുമെന്ന് അവര്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ അവരേക്കാള്‍ സന്തോഷം എനിക്കു തോന്നിയിട്ടുണ്ട്. എന്റെ അമ്മയാണല്ലോ ഹീറോ!

ഞാന്‍ പത്താംക്ലാസിലെത്തിയപ്പോള്‍ അമ്മ അധ്യാപക ജോലി രാജിവച്ചു. പൊതുപ്രവര്‍ത്തനത്തിന്റെ തിരക്കിനിടയില്‍ കുട്ടികളെ നന്നായി പഠിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന ആശങ്കയായിരുന്നു കാരണം. ആദ്യമായാണ് അമ്മ ഏറ്റെടുത്ത ഒരു ജോലി പാതിവഴിയില്‍ ഉപേക്ഷിച്ചു കണ്ടത്.

മന്ത്രിയായപ്പോള്‍ അമ്മ വീട്ടില്‍ വരുന്നതു പിന്നെയും കുറഞ്ഞു. വീട്ടില്‍ വന്നാലും സന്ദര്‍ശകരുടെ പ്രശ്നങ്ങള്‍ തീര്‍ത്ത് ഒന്നോ രണ്ടോ മണിക്കൂറാണു ഞങ്ങള്‍ക്ക് കിട്ടുന്നത്. കിട്ടുന്ന സമയം മുഴുവന്‍ ഞങ്ങളോടു സംസാരിക്കാനും ഭക്ഷണം കഴിപ്പിക്കാനുമൊക്കെയായി നീക്കിവയ്ക്കും.

കൊറോണ പ്രശ്നം തുടങ്ങിയതില്‍ പിന്നെ രണ്ടുമാസത്തോളമായി അമ്മ വീട്ടില്‍ വന്നിട്ട്. ഇപ്പോള്‍ എന്നെക്കാള്‍ അമ്മയെ മിസ് ചെയ്യുന്നത് എന്റെ രണ്ടര വസയസ്സുകാരി മകള്‍ക്കാണ്.

ഏതു വിഷയവും പഠിക്കാനും ആഴത്തില്‍ മനസ്സിലാക്കാനും അമ്മ നടത്തുന്ന ശ്രമമാണ് പൊതുപ്രവര്‍ത്തക എന്ന നിലയില്‍ എനിക്കു കൂടുതല്‍ ഇഷ്ടം. ആരും എന്തും പറഞ്ഞോട്ടെ അമ്മേ, നല്ലതു പറയുന്നവരും വിമര്‍ശിക്കുന്നവരും ഉണ്ടാകട്ടെ. അതൊന്നും നോക്കേണ്ട. നാട്ടുകാര്‍ക്ക് താങ്ങും തണലുമാകുന്ന അമ്മയായി കാണാനാണ് ഞങ്ങള്‍ക്കിഷ്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News