മാലദ്വീപില്‍ നിന്നെത്തിയ യാത്രക്കാരില്‍ ഇതുവരെ ആർക്കും രോഗലക്ഷണങ്ങളില്ല; ജില്ലാ കളക്ടർ എസ് സുഹാസ്

മാലദ്വീപില്‍ നിന്നെത്തിയ ഐഎന്‍എസ് ജലാശ്വയിലെ യാത്രക്കാരില്‍ ഇതുവരെ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. കപ്പലിലുണ്ടായിരുന്നവരില്‍ 6 പേർ എറണാകുളം സ്വദേശികളാണ്. ഇവരെ ജില്ലയിലെ നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കും.

മറ്റ് ജില്ലക്കാരെ അവരവരുടെ ജല്ലകളിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് എത്തിക്കും. പരിശോധന നടപടികൾ 3 മണിക്കൂറിനുള്ളിൽ പൂർത്തിയാകുമെന്നും കളക്ടർ എസ് സുഹാസ് അറിയിച്ചു. അതേസമയം കപ്പലിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളെ കൊണ്ടുപോകാൻ 7 ബസ്സുകൾ എത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 9.30 നാണ് ഐ.എന്‍.എസ്. ജലാശ്വ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത്.

മാലദ്വീപിന്റെ തുറമുഖത്ത് നിന്ന് 698 യാത്രക്കാരുമായാണ് ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്. തിരിച്ചെത്തിയ 698 പേരില്‍ 634 പേരും തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവരാണ്. ഇതില്‍ 444 പേര്‍ മലയാളികളാണ്. 19 ഗര്‍ഭിണികളും 10 വയസില്‍ താഴെ പ്രായമുള്ള 14 കുട്ടികളുമാണ് കപ്പലിലുണ്ടായിരുന്നത്. 103 പേര്‍ സ്ത്രീകളും 595 പേര്‍ പുരുഷന്മാരുമാണ് കപ്പിലിലുണ്ടായിരുന്നത്.

പരിശോധനയില്‍ രോഗ ലക്ഷണം ഉ‍ള്ളവരെ കണ്ടെത്തിയാല്‍ ആശുപത്രികളിലേക്ക് കൊണ്ടുപോകാനായി ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. തിരിച്ചെത്തിയ ഗര്‍ഭിണികളും കുട്ടികളും വീടുകളിലാകും നിരീക്ഷണത്തില്‍ കഴിയുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News