കൊവിഡ് പശ്ചാത്തലത്തിൽ നടപ്പുസാമ്പത്തികവർഷം വിപണിയിൽനിന്ന് 12 ലക്ഷം കോടി രൂപവരെ കടമെടുക്കാൻ കേന്ദ്ര സർക്കാരിന് റിസർവ് ബാങ്കിന്റെ അനുമതി. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) ആറു ശതമാനമാണ് അനുമതി നൽകിയത്.
നടപ്പുവർഷം 7.8 ലക്ഷം കോടി രൂപവരെ കടമെടുക്കാൻ മുമ്പ് നിശ്ചയിച്ചിരുന്നു. ഇത് ജിഡിപിയുടെ 3.9 ശതമാനമായിരുന്നു. മഹാമാരിയുടെ സാഹചര്യത്തിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാണ് കടമെടുപ്പുപരിധി ഉയർത്തിയതെന്ന് റിസർവ് ബാങ്ക് വിശദീകരിച്ചു.
ഓരോ ആഴ്‌ചയിലും ബോണ്ടുകൾ വഴി 30,000 കോടി രൂപ സമാഹരിക്കും. 19,000 കോടിമുതൽ 21,000 കോടിവരെ സമാഹരിക്കാനായിരുന്നു മുൻ തീരുമാനം. മാർച്ച് 25 മുതൽ തുടരുന്ന അടച്ചുപൂട്ടലിൽ വൻസാമ്പത്തിക നഷ്ടമുണ്ടായതോടെയാണ് കടമെടുപ്പുപരിധി ഉയർത്തിയതെന്ന് സർക്കാർ വ്യക്തമാക്കി.
അതേസമയം, വരുമാനം കുത്തനെ ഇടിഞ്ഞ സംസ്ഥാനങ്ങൾ കടമെടുപ്പുപരിധി ഉയർത്താൻ അനുമതി തേടിയിട്ടുണ്ടെങ്കിലും കേന്ദ്രവും റിസർവ് ബാങ്കും അനുമതി നൽകുന്നില്ല. ജിഡിപിയുടെ മൂന്നു ശതമാനംവരെയാണ് കടമെടുക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയുക. ഈ പരിധി അഞ്ചു ശതമാനമായി ഉയർത്തണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം.

Get real time update about this post categories directly on your device, subscribe now.