കിടക്കാന്‍ മെത്തയില്ല, ശുചി മുറികളില്‍ വെളിച്ചവുമില്ല; ബഞ്ചുകള്‍ കൂട്ടിയിട്ട് കിടക്കാന്‍ ആവശ്യപ്പെട്ടു; ക്വാറന്റൈന്‍ കേന്ദ്രത്തില്‍ സൗകര്യങ്ങള്‍ ഒരുക്കാതെ ചെറുപുഴ പഞ്ചായത്ത്

കണ്ണൂര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സൗകര്യങ്ങളും സംവിധാനവും ഒരുക്കാതെ ചെറുപുഴ ഗ്രാമപഞ്ചായത്ത്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിന് കീഴിലുള്ള ക്വാറന്റൈന്‍ സംവിധാനങ്ങളെ കുറിച്ച് വ്യാപക പരാതിയും ഉയരുന്നുണ്ട്. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ പഞ്ചായത്ത് തയ്യാറായിട്ടില്ല.

ചെറുപുഴ കന്നിക്കളത്തുള്ള നവജ്യോതി കോളേജില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ ക്ലാസ് മുറികളില്‍ ബഞ്ചുകള്‍ കൂട്ടിയിട്ടാണ് കിടക്കാന്‍ ആവശ്യപ്പെട്ടത്. കിടക്കാനായി മെത്തയോ ശുചി മുറികളില്‍ വെളിച്ചമോ ഇല്ല. ഇവിടെ കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചതും ഏറെ വൈകിയായിരുന്നു.

പഞ്ചായത്ത് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാത്ത സാഹചര്യത്തില്‍ ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകരാണ് താമസക്കാര്‍ക്ക് മെത്തയും മറ്റ് അവശ്യ സാധനങ്ങളും എത്തിച്ച് നല്‍കിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ ഇടപെടലുമുണ്ടായതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്.

കണ്ണൂരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ചെന്നൈയില്‍ നിന്ന് വാളയാര്‍ വഴി കണ്ണൂരിലെത്തിയ വിദ്യാര്‍ഥിനിക്കും ബന്ധുവിനും ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ച ക്വാറന്റൈന്‍ കേന്ദ്രം ലഭിച്ചിരുന്നില്ല.

കണ്ണൂരിലെ ഒരു ലോഡ്ജ് ആയിരുന്നു ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും അതിന്റെ ഉടമയും ജോലിക്കാരും വിവരം അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ആരോഗ്യ വകുപ്പ് പെണ്‍കുട്ടിയെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News