ഒരു കാസര്‍ഗോഡന്‍ വിജയം; എല്ലാവരും രോഗമുക്തര്‍; ചികിത്സിച്ച് ഭേദമാക്കിയത് 178 കോവിഡ് രോഗികളെ

തിരുവനന്തപുരം: ഒരാളേയും മരണത്തിന് വിട്ടുകൊടുക്കാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയായി കാസര്‍ഗോഡ് മാറിയിരിക്കുകയാണ്. അവസാനത്തെ രോഗിയുടേയും പരിശോധനാഫലം നെഗറ്റീവായതോടെയാണ് കാസര്‍ഗോഡ് കോവിഡ് വിമുക്ത ജില്ലയായത്.

ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 178 രോഗികളേയാണ് ചികിത്സിച്ച് ഭേദമാക്കിയത്. ഇതില്‍ വിദേശത്തുനിന്ന് വന്നവര്‍ 108 പേരും സമ്പര്‍ക്കത്തില്‍ കൂടി രോഗം പകര്‍ന്നവര്‍ 70 പേരും ആണ്.

കാസര്‍ഗോഡ് ജില്ലാശുപത്രിയില്‍ 43 പേരെയും ജനറല്‍ ആശുപത്രിയില്‍ 89 പേരെയും കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ 24 പേരെയുമാണ് ചികിത്സച്ചത്.

അതോടൊപ്പം പരിയാരം മെഡിക്കല്‍ കോളേജില്‍ 20 പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 2 പേരെയും ചികില്‍സിക്കുകയുണ്ടായി.

കേരളത്തിനഭിമാനമായി മികച്ച ചികിത്സ നല്‍കി എല്ലാവരേയും രോഗമുക്തിയാക്കിയ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഐ.ഡി.എസ്.പി. യൂണിറ്റ്, എന്‍.എച്ച്.എം. സ്റ്റാഫ്, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലെ ടീമുകള്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നന്ദി അറിയിച്ചു.

റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജില്ലയിലെ കോവിഡ് പ്രതിരോധ സ്‌പെഷ്യല്‍ ഓഫീസറായ അല്‍കേഷ് കുമാര്‍ ശര്‍മ, ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതിവാമന്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ. എ.ടി. മനോജ്, കാസര്‍ഗോഡ് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജേന്ദ്രന്‍, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ് എന്നിവരുടെ ഏകോപനത്തില്‍ ജില്ലയില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടന്നത്.

ഐ.ജി. വിജയ് സാക്കറുടെ നേതൃത്വത്തില്‍ പോലീസ് സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ഡ്രോണ്‍ നിരീക്ഷണത്തിലൂടെ സാമൂഹ്യ വ്യാപനം തടയുന്നതിനായി ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കുകയും ചെയ്തു. ലോക് ഡൗണ്‍ ശക്തമായി നടപ്പിലാക്കി സമൂഹ വ്യാപനം തടയാന്‍ പ്രധാന പങ്ക് വഹിച്ച എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍, മറ്റ് വകുപ്പുകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരേയും നന്ദി അറിയിക്കുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇനിയും രോഗികളെത്തുമെന്നതിനാല്‍ ഇതേ ജാഗ്രത തുടരണമെന്നും മന്ത്രി വ്യക്തമാക്കി.

ഒരുഘട്ടത്തില്‍ ഏറെ ആശങ്കയുണ്ടാക്കിയ ജില്ലയില്‍ നിന്നാണ് കാസര്‍ഗോഡ് മുക്തമാകുന്നത്. കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം വലിയ പ്രവര്‍ത്തനമാണ് കാസര്‍ഗോഡ് നടന്നത്. ചൈനയിലെ വുഹാനില്‍ കോവിഡ് ബാധ വ്യാപിച്ചപ്പോള്‍ തന്നെ ജില്ലയില്‍ ജാഗ്രതാ പൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ജനുവരി 25ന് തന്നെ കോവിഡ് കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചു. ഫെബ്രുവരി മൂന്നിനാണ് കേരളത്തില്‍ മൂന്നാമതായി കാസര്‍കോട് ജില്ലയില്‍ വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനുമായി ശക്തിപ്പെടുത്തി.

മാര്‍ച്ച് 12 മുതല്‍ സര്‍ക്കാര്‍ സര്‍ക്കാരിതര ആശുപത്രികളില്‍ കോവിഡ് ഹെല്‍പ്പ് ഡസ്‌ക്കുകള്‍ ആരംഭിച്ച് വിദേശത്തു നിന്നും വരുന്നവരുടെ വിവരശേഖരണം നടത്തി പ്രതിരോധ-അവബോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചു. മാര്‍ച്ച് 15 മുതല്‍ ജില്ലാ അതിര്‍ത്തികളിലും റെയില്‍വേ സ്‌റ്റേഷനികളിലും ഹെല്‍പ് ഡെസ്‌കുകളും സ്‌ക്രീനിംഗ് ക്യാമ്പുകളും ആരംഭിച്ചു. ബ്രേക്ക് ചെയിന്‍ ദ ക്യാമ്പയിന്‍ ശക്തമായി നടപ്പിലാക്കി.

മാര്‍ച്ച് 17 മുതലാണ് ജില്ലയില്‍ കോവിഡ് കേസുകള്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. തുടര്‍ന്ന് ടെലി കൗണ്‍സിലിംഗ് 5 ഹെല്‍പ് ഡെസ്‌കുകള്‍ എന്നീ സംവിധാനങ്ങള്‍ ഒരുക്കി കോവിഡ് സെല്‍ വിപുലീകരിച്ചു. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി.

സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം നാല് ദിവസത്തിനുള്ളില്‍ മെഡിക്കല്‍ കോളേജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് അത്യാധുനിക സൗകര്യങ്ങളുള്ള 200 കിടക്കകളുള്ള കോവിഡ് ആശുപത്രിയായി സജ്ജീകരിച്ചു. മെഡിക്കല്‍ കോളേജിനായി 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ടീം, കോട്ടയം മെഡിക്കല്‍ കോളേജ് ടീം, ആലപ്പുഴ മെഡിക്കല്‍ കോളേജ് ടീം എന്നിവരുടെ നേതൃത്വത്തില്‍ ചികിത്സാ സേവനങ്ങള്‍ ഉറപ്പുവരുത്തി.

താഴെത്തട്ടില്‍ പൊതുജനങ്ങള്‍ക്ക് ഭക്ഷണലഭ്യത ഉറപ്പു വരുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിക്കുകയും കൂടാതെ ആവശ്യമുള്ളവര്‍ക്ക് ഫുഡ് കിറ്റുകള്‍ നല്‍കുകയും ചെയ്തു.

അതിഥി ദേശ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താനും അവരിലേക്ക് രോഗ പകര്‍ച്ച ഇല്ലാതിരിക്കുന്നതിനും വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.

മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ചികിത്സാ സേവനങ്ങളുടെയും ഫലമായി ഏപ്രില്‍ നാലോടുകൂടി ജില്ലയില്‍ കേസുകള്‍ കുറഞ്ഞുവരികയും കൂടുതല്‍ പേരെ ഡിസ്ചാര്‍ജ് ചെയ്യുവാനും തുടങ്ങി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സാമൂഹ്യ വ്യാപനം മനസിലാക്കുന്നതിന് ഗൃഹസന്ദര്‍ശന സര്‍വ്വേ ആരംഭിക്കുകയും രോഗ ലക്ഷണം ഉള്ളവരെ പരിശോധനയ്ക്ക് അയക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 75 ലക്ഷവും കോവിഡ് പാക്കേജിലൂടെ അനുവദിച്ച 3.95 കോടി രൂപയും ജില്ലയ്ക്കനുവദിച്ചു. കൂടാതെ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനെ അത്യാധുനിക കോവിഡ് ആശുപത്രിയാക്കി മാറ്റുന്നതിന് 7 കോടി രൂപ അനുവദിച്ചു.

അതിര്‍ത്തികളില്‍ മേയ് 3 മുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടതോടുകൂടി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലക്കകത്തേക്ക് വരുന്ന ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാകുന്നതിന് തലപ്പാടി, കാലിക്കടവ് എന്നിവിടങ്ങളില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സംഘം ഈ സ്‌ക്രീനിങ് ക്യാമ്പുകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here