വിദ്യാര്‍ത്ഥിനിയുടെ ചികിത്സാസഹായ നിധിയിലേക്ക് വേറിട്ട വഴിയിലൂടെ പണം സമാഹരിച്ച് ഡിവൈഎഫ്‌ഐ

കൊച്ചി: ലോക്ഡൗണ്‍ കാലത്ത് വേറിട്ട വഴിയിലൂടെ വിദ്യാര്‍ത്ഥിനിയുടെ ചികിത്സാസഹായ നിധിയിലേക്ക് പണം സമാഹരിക്കുകയാണ് എറണാകുളം പറവൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.

ഇരു വൃക്കകളും തകരാറിലായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി അനുഗ്രഹയ്ക്ക് വേണ്ടിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ഈ ഉദ്യമം. പറവൂര്‍ മേഖലയിലെ വീടുകളില്‍ നിന്നും പഴയ പത്രങ്ങളും പേപ്പറുകളും ശേഖരിച്ചു വിറ്റാണ് മൂന്നു ലക്ഷത്തോളം രൂപ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കണ്ടെത്തുന്നത്.

വടക്കന്‍ പറവൂരിലെ തയ്യല്‍ തൊഴിലാളിയായ അനില്‍ കുമാര്‍ ഗീത ദമ്പതികളുടെ മകളാണ് എസ്എന്‍വി സംസ്‌കൃത ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പത്താം വിദ്യാര്‍ത്ഥിനിയായ അനുഗ്രഹ. ഇരു വൃക്കകളും തകരാറിലായ അനുഗ്രഹയ്ക്ക് വൃക്ക നല്‍കാന്‍ അമ്മ ഗീത തയ്യാറാണ്. എന്നാല്‍ ഓപ്പറേഷന് ആവശ്യമായ പതിനഞ്ച് ലക്ഷമെന്ന ഭീമമായ തുക എങ്ങനെ ഉണ്ടാക്കുമെന്ന ആധിയും ഈ കുടുംബത്തിനുണ്ട്.

അനുഗ്രഹയുടെ ചികിത്സയ്ക്ക് പണം സമാഹരിക്കുന്നതിനായി ചികിത്സാ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ കോവിഡും ലോക് ഡൗണും കാരണം പണം നല്‍കി സഹായിക്കാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞില്ല. ഈ സന്ദര്‍ഭത്തിലാണ് വേറിട്ട രീതിയില്‍ പറവൂര്‍ മേഖലയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അനുഗ്രഹയ്ക്കായി പണം സമാഹരിക്കാന്‍ ആരംഭിച്ചത്.

പറവൂര്‍ മേഖലയിലെ വീടുകളില്‍ നിന്നും പഴയ പേപ്പറുകള്‍ ശേഖരിച്ചു വിറ്റാണ് പണം കണ്ടെത്തുക. പഴയ പത്രങ്ങള്‍ ആഴ്ച പതിപ്പുകള്‍ മാസികകള്‍ എന്നിങ്ങനെ 30 ടണ്ണിലേറെ പേപ്പറുകള്‍ വില്‍പ്പനയ്ക്കായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഒരാഴ്ചകൊണ്ട് ശേഖരിച്ചു കഴിഞ്ഞു. ഇങ്ങനെ വിറ്റു മൂന്നു ലക്ഷത്തോളം തുകയാണ് അനുഗ്രഹയുടെ ചികിത്സാ സഹായത്തിനു നല്‍കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്വരൂപിക്കുന്നത്.

പറവൂര്‍ മേഖലയിലുള്ള 93 ഡിവൈഎഫ്‌ഐ യൂണിറ്റുകളിലെ പ്രവര്‍ത്തകരാണ് പേപ്പറുകള്‍ ശേഖരിച്ചു വിറ്റ് പണം സമാഹരിക്കുന്നത്. മുന്‍പ് ഏപ്രില്‍ മാസത്തില്‍ നടത്താന്‍ തീരുമാനിച്ച ശസ്ത്രക്രിയ ലോക് ഡൗണ്‍ കാരണമാണ് ജൂണിലേക്ക് മാറ്റിയത്. സുമനസുകളുടെ സഹായം ഉണ്ടെങ്കിലും അനുഗ്രഹയുടെ ചികിത്സയ്ക്ക് ഇനിയും പണം ആവശ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News