കൊവിഡ് പ്രതിരോധം: ഇന്ത്യയുടെ പ്രകടനം അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് മോശം; മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും ഇന്ത്യ ഒന്നാമത്

കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയുടെ പ്രകടനം അയല്‍ രാജ്യങ്ങളെ അപേക്ഷിച്ച് മോശമെന്ന് കണക്കുകള്‍. ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇന്ത്യയുടെ മോശം പ്രകടനം വ്യക്തമാകുന്നത്. മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും ഇന്ത്യ ഒന്നാമത് നില്‍ക്കുന്നു.

യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ കൊവിഡ് പോരാട്ടത്തില്‍ ഏറെ മുന്നിലെന്ന അവകാശ വാദമാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിക്കാറുള്ളത്. അയല്‍ രാജ്യങ്ങളുടെ അവസ്ഥയെക്കുറിച്ച് പരാമര്‍ശം നടത്താറുമില്ല. ഇതിന് കാരണം മറ്റൊന്നുമല്ല. അയല്‍ക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെട്ടതല്ല എന്നത് തന്നെ. ഇത് മറച്ചു വയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ അടിക്കടി യൂറോപ്യന്‍ രാജ്യങ്ങളെ ചൂണ്ടിക്കാട്ടി ഇന്ത്യയുടേത് മികച്ച പ്രകടനമാണെന്ന് ആവര്‍ത്തിക്കുന്നത്.

ചില കണക്കുകള്‍ ഇത് ഈ വാദം ശരിവയ്ക്കുന്നു.ഒടുവിലെ കൊവിഡ് കണക്കുകള്‍ പ്രകാരം ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം ഇപ്രകാരമാണ്. ബംഗ്ലാദേശ് -14,657, ശ്രീലങ്ക 856, പാക്കിസ്ഥാന്‍ – 30,334. ഇന്ത്യ 67,161ഉം.

ജനസംഖ്യ കണക്ക് ചൂണ്ടിക്കാട്ടി കൂടിയ സംഖ്യയെ ന്യായീകരിക്കുമ്പോള്‍ ഇന്ത്യയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന തോത് മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കൂടുതലാണെന്ന് ഓര്‍ക്കണം. മറ്റ് രാജ്യങ്ങളില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം മുന്‍ ദിവസങ്ങളെക്കാള്‍ കുറവാണ്.

ഇന്ത്യയില്‍ ഇത് മുന്‍ ദിവസത്തേക്കാള്‍ കൂടുന്നു. ഇന്ത്യയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനും മുന്‍പ് ജനുവരി 27ന് ശ്രീലങ്കയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. അവിടെ ഇപ്പോള്‍ രോഗികളുടെ എണ്ണം കുറഞ്ഞ് 1000ല്‍ താഴെ ആയി.രോഗ വ്യാപനം ഫലപ്രദമായി തടയാനായി എന്ന് സാരം. മരണ നിരക്കിലും മുന്നില്‍ ഇന്ത്യ തന്നെ. 3.52 ശതമാനമാണ് മരണ നിരക്കിന്റെ ദേശീയ ശരാശരി.

പാക്കിസ്ഥാന്‍ 3% ബംഗ്ലാദേശ് 2% ശ്രീലങ്ക 1%. ഇങ്ങനെയാണ് അയല്‍ രാജ്യങ്ങളിലെ മരണ നിരക്ക്. മറ്റ് രാജ്യങ്ങള്‍ മരണ നിരക്ക് കുറച്ചു കൊണ്ടുവരികയാണ് ചെയ്തത്. ശ്രീലങ്കയിലും ബംഗ്‌ളാദേശിലും ആദ്യം മരണ നിരക്ക് കൂടുതല്‍ ആയിരുന്നു. പിന്നീട് ഇത് താഴ്ത്തി നേരത്തെ സൂചിപ്പിച്ച നിലയിലെത്തി. എന്നാല്‍ ഇന്ത്യ പാകിസ്ഥാന്‍ രാജ്യങ്ങളില്‍ ഇതല്ല സ്ഥിതി മരണ നിരക്ക് ഇപ്പോഴും വര്‍ധിച്ചുകൊണ്ടേ ഇരിക്കുന്നു.

തൊട്ടടുത്തുള്ള ഈ യഥാര്‍ത്ഥ്യങ്ങള്‍ കാണാതെ ഇന്ത്യന്‍ സഹചര്യവുമായി ഒരു ബന്ധവുമില്ലാത്ത ഒരു ലോകത്തെ കാണിച്ച് കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യ മുന്നേറുന്നു എന്ന് പ്രചരിപ്പിക്കുന്നത് കണ്ണില്‍ പൊടിയിടല്‍ അല്ലാതെ മറ്റൊന്നുമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here