കൊറോണ ഭീതിയിൽ മഹാരാഷ്ട്ര; അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു

മഹാരാഷ്ട്രയിൽ കൊവിഡ് രോഗ വ്യാപനം ശക്തമായതോടെ കാട്ടുതീയിൽ പെട്ടവരെ പോലെ പരിഭ്രാന്തരായി മുന്നിൽ കിട്ടിയ വസ്തുക്കളുമായി തെരുവിലേക്ക് ഓടിയിറങ്ങുകയാണ് ജനം.

ആദ്യം കിട്ടിയ വണ്ടികളിൽ കയറി പലായനം ചെയ്യാനുള്ള സംഘർഷത്തിലാണവർ. ഒട്ടുമിക്ക ആശുപത്രികളിലും ചികിത്സ ലഭിക്കാത്ത അവസ്ഥയിലേക്ക് സംസ്ഥാനം വീണതോടെ ജീവൻ രക്ഷിക്കാനായുള്ള പരക്കം പാച്ചിലാണ് ഇപ്പോൾ വിവിധ ഇടങ്ങളിൽ കാണാൻ കഴിയുന്നത്.

പ്രവേശനം ലഭിക്കാതെ ആശുപത്രി വരാന്തയിൽ രോഗികൾ മരിച്ച് വിണതും ഭീതി ഇരട്ടിപ്പിക്കുന്നു. ലോക് ഡൌൺ പ്രഖ്യാപിച്ചതിന് ശേഷം ദുരിതത്തിലായ അന്യ സംസ്ഥാന തൊഴിലാളികളാണ് കോവിഡ് ഭീതിയിൽ നഗരത്തെ കൈവെടിഞ്ഞു ജന്മനാടുകളിലേക്ക് അഭയം തേടുന്നത്.

ആരോഗ്യ മേഖലയുടെയും തൊഴിൽ മേഖലയുടെയും വലിയൊരു തകർച്ചക്കാണ് കോവിഡ് കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.

റയിൽവെ ട്രാക്കിലൂടെയും റോഡിലൂടെയും മറ്റും കാൽ നടയായി സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് പൊരിവെയിലിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

മഹാരാഷ്ട്രയിൽ ഏപ്രിൽ അവസാനത്തിൽ ഏകദേശം 10000 കോവിഡ് രോഗികളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഒരാഴ്ച കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയായി വർധിച്ചിരിക്കയാണ്.

അഞ്ഞൂറിലധികം ആരോഗ്യ പ്രവർത്തകരാണ് കോവിഡ് രോഗത്തിൽ ചികിത്സയിൽ കഴിയുന്നത്. ആശുപത്രികൾ അടച്ചു പൂട്ടുന്നതും ആശങ്ക ഇരട്ടിയാക്കിയിരിക്കയാണ്.

ഭീകരവാദത്തിന്റെ മൂർദ്ധന്യത്തിലും പ്രളയത്തിലും ഭൂമികുലുക്കത്തിലും നെഞ്ചു വിടർത്തി പൊരുതി നിന്ന ഒരു ജനത ഇന്ന് എല്ലാ പ്രതീക്ഷയും കൈവെടിഞ്ഞ് നിരാശതയുടെ ആഴങ്ങളിലേക്ക് നിപതിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here