അവരുടെ ധീരതയാണ് ഈ പോരാട്ടത്തില്‍ നമ്മുടെ കരുത്ത്; മഹനീയ സേവനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍; നഴ്സസ് ദിനത്തില്‍ ആശംസയുമായി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ലോക നഴ്സസ് ദിനത്തില്‍ നഴ്സുമാര്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

നഴ്‌സുമാര്‍ ഉയര്‍ത്തുന്ന പ്രതിരോധമാണ് ഈ രോഗത്തില്‍ നിന്നും അനവധി പേരുടെ ജീവന്‍ രക്ഷിച്ചതെന്നും അവര്‍ കാണിക്കുന്ന ധീരതയാണ് ഈ പോരാട്ടത്തില്‍ നമ്മുടെ കരുത്തായി മാറുന്നതെന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

നമ്മളിന്നൊരു യുദ്ധത്തിലാണ്. ലോകമെമ്പാടും നാശം വിതച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയില്‍ നിന്നും നാടിനെയും മനുഷ്യരാശിയെയും രക്ഷിക്കുന്നതിനുള്ള കഠിന പ്രയത്‌നത്തില്‍.

ആ യുദ്ധത്തിന്റെ ഏറ്റവും മുന്‍നിരയില്‍, അക്ഷരാര്‍ത്ഥത്തില്‍, ജീവന്‍ പണയം വച്ചു പോരാടിക്കൊണ്ടിരിക്കുന്ന വിഭാഗങ്ങളില്‍ ഒന്ന് നഴ്‌സുമാരാണ്. അപകടകാരിയായ ഒരു വൈറസ് ഉയര്‍ത്തുന്ന ഭീഷണിയെ വകവയ്ക്കാതെ നാടിനു വേണ്ടി രാപ്പകലെന്നില്ലാതെ അവര്‍ അദ്ധ്വാനിക്കുകയാണ്.

അവരില്‍ രോഗബാധിതരായവര്‍ പോലും ഭയന്നു പിന്‍വാങ്ങാതെ സേവനസന്നദ്ധരായി വീണ്ടും മുന്നോട്ടു വന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രചോദിപ്പിക്കുന്ന കാഴ്ചകളാണ് നമ്മള്‍ കണ്ടത്. അവരുയര്‍ത്തുന്ന പ്രതിരോധമാണ് ഈ രോഗത്തില്‍ നിന്നും അനവധി പേരുടെ ജീവന്‍ രക്ഷിച്ചത്. അവര്‍ കാണിക്കുന്ന ധീരതയാണ് ഈ പോരാട്ടത്തില്‍ നമ്മുടെ കരുത്തായി മാറുന്നത്.

കേരളത്തില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും ഈ പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ മലയാളികളായ നഴ്‌സുമാര്‍ പ്രവര്‍ത്തിക്കുന്നു എന്നത് ഈ നാടിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. ലോക നഴ്‌സസ് ദിനത്തില്‍ ഈ ഘട്ടത്തില്‍ അവരുള്‍പ്പെടെ എല്ലാ നഴ്‌സുമാരും കാഴ്ചവച്ച മഹനീയ സേവനങ്ങളെ അഭിനന്ദിക്കുന്നു.

നിപ്പ പകര്‍ച്ച വ്യാധിക്കെതിരെയുള്ള പോരാട്ടത്തില്‍ മരണമടഞ്ഞ സിസ്റ്റര്‍ ലിനിയുള്‍പ്പെടെയുള്ളവരുടെ ത്യാഗങ്ങളെ നന്ദിപൂര്‍വ്വം സ്മരിക്കുന്നു. അവരോട് ഈ ലോകം കടപ്പെട്ടിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News