ആരോഗ്യ മന്ത്രി ഇടപെട്ടു; കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തു തീര്‍ന്നു

കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ മാനേജ്‌മെന്റിനെതിരെ നഴ്സുമാര്‍ നടത്തിയ സമരം ഒത്തു തീര്‍ന്നു. മാനേജ്‌മെന്റുമായുള്ള ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം ഒത്തു തീര്‍ന്നത്. മാസ്‌ക് ഉള്‍പ്പെടെ സുരക്ഷാ സാമഗ്രികള്‍ നല്കുന്നില്ലെന്ന പരാതികള്‍ ഉന്നയിച്ചായിരുന്നു നഴ്‌സുമാര്‍ സമരം നടത്തിയത്.

കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ നൂറോളം നഴ്‌സുമാരാണ് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചത്. കോവിഡ് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡ്യൂട്ടിയില്‍ ഉള്ള നഴ്‌സുമാര്‍ക്ക് ആവശ്യമായ സുരക്ഷാ സമഗ്രികള്‍ക് നല്‍കുന്നില്ല എന്നായിരുന്നു പ്രധാന പരാതി.മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ ഫാര്‍മസിയില്‍ നിന്നും വില കൊടുത്ത് വാങ്ങണം എന്നായിരുന്നു മാനേജ്മെന്റിന്റെ നിര്‍ദേശം.

നഴ്‌സുമാരെക്കൊണ്ട് മാസത്തില്‍ പത്തു ദിവസം വരെ നിര്‍ബന്ധിത അവധിയും എടുപ്പിച്ചു. മാനുഷിക പരിഗണന പോലും നല്‍കാത്ത മാനേജ്മെന്റ് നടപടിക്ക് എതിരെയാണ് ലോക നഴ്സസ് ദിനത്തില്‍ സമരം ആരംഭിച്ചത്. കൈരളി ടി വി യില്‍ ചര്‍ച്ചയില്‍ പങ്കെടുക്കവേ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ വിഷയത്തില്‍ ഇടപെടുമെന്ന് വ്യക്തമാക്കി.

കണ്ണൂര്‍ ടൗണ്‍ എസ് ഐ യുടെ നേതൃത്വത്തില്‍ പോലീസ് എത്തി ചര്‍ച്ചയ്ക്ക് അവസരം ഒരുക്കി. ചര്‍ച്ചയില്‍ നഴ്സ്മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് മനജ്മന്റ് രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.

സുരക്ഷാ സാമഗ്രികള്‍ അനുവദിക്കണം, നിര്‍ബന്ധിത അവധിയും ശമ്പളം വെട്ടിക്കുറയ്ക്കുന്നതും അവസാനിപ്പിക്കണം, വാഹന സൗകര്യം ഏര്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളാണ് മാനേജ്‌മെന്റ അംഗീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here