ബിജെപിക്ക് അഞ്ചു കോടി സംഭാവന നല്‍കിയ കമ്പനിക്ക് കൊവിഡ് പരിശോധന കിറ്റ് നിര്‍മാണത്തിന് അനുമതി; കേന്ദ്ര സര്‍ക്കാര്‍ നടപടി കൂടുതല്‍ സംശയം ജനിപ്പിക്കുന്നത്

ദില്ലി: ബിജെപിക്ക് സംഭാവന നല്‍കിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് കൊവിഡ് പരിശോധന കിറ്റ് നിര്‍മാണത്തിന് അനുമതി.

കൊവിഡ് രോഗികളില്‍ ആന്റിബോഡി കണ്ടെത്തുന്ന കോവിഡ് കവച് എലിസ ടെസ്റ്റ് കിറ്റിന്റെ വ്യവസായിക ഉത്പാദനം അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില്ല എന്ന കമ്പനിക്കാണ് നല്‍കിയിരിക്കുന്നത്.

പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ഗവേഷണത്തിലാണ് കൊവിഡ് രോഗികളില്‍ ആന്റിബോഡി കണ്ടെത്താനുള്ള കോവിഡ് എലിസ ടെസ്റ്റ് കിറ്റ് തയ്യാറാക്കിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കിറ്റിന് കോവിഡ് കവച് എലിസ ടെസ്റ്റ് കിറ്റ് എന്ന് പേരിട്ട് വ്യവസായിക നിര്‍മാണത്തിന് അനുമതിയും നല്‍കി.

അനുമതി ലഭിച്ചത് ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില്ല എന്ന കമ്പനിക്കും. ഈ കമ്പനി മുന്‍പ് കാഡില്ല ഹെല്‍ത്ത് കെയര്‍, സൈഡസ് ഹെല്‍ത്ത് കെയര്‍ എന്നിങ്ങനെ രണ്ട് കമ്പനികള്‍ ആയിരുന്നു.

പിന്നീട് 2019ല്‍ ഒന്നായി. രണ്ട് കമ്പനികളായിരുന്ന കാലത്ത് ഇവര്‍ ബിജെപിക്ക് സംഭാവന നല്‍കിയത് 5 കോടിയോളം രൂപ. 2011- 16 കാലത്ത് ബിജെപിക്ക് ലഭിച്ച സംഭാവന വ്യക്തമാക്കി 2017 നവംബറില്‍ അഹമ്മദാബാദ് മിറര്‍ എന്ന മാധ്യമം നല്‍കിയ വാര്‍ത്തയില്‍ ഇതിന്റെ കണക്ക് നല്‍കിയിട്ടുണ്ട്. കാഡില്ല ഹെല്‍ത്ത് കെയര്‍ 2 കോടി 60 ലക്ഷം, സൈഡസ് ഹെല്‍ത്ത് കെയര്‍ 2 കോടി 10 ലക്ഷം ഇങ്ങനെ 4 കോടി 70 ലക്ഷം.

ബിജെപിക്ക് സംഭാവന നല്‍കിയതിന്റെ പേരില്‍ കിറ്റ് നിര്‍മാണത്തിന് അനുമതി ലഭിക്കരുതെന്ന് അര്‍ത്ഥമില്ല. എന്നാല്‍ വ്യാവസായിക ഉദ്പാദനം എന്തുകൊണ്ട് സൈഡസ് കാഡിലയെ ഏല്‍പ്പിച്ചു? മറ്റേതെല്ലാം കമ്പനികള്‍ മുന്നോട്ടു വന്നു തുടങ്ങി ചോദ്യങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരം കേള്‍ക്കുക.

സൈഡസ് കാഡില കിറ്റുകള്‍ വേഗത്തില്‍ നിര്‍മിക്കും, ഭാവിയില്‍ കൂടുതല്‍ കമ്പനികളെ കൂടി ഇതിന്റെ ഭാഗമാക്കും. മറ്റ് കമ്പനികള്‍ മുന്നോട്ടു വന്നോ എന്ന ചോദ്യത്തിന് വ്യക്തത നല്‍കാതെ മറുപടി. ഐസിഎം ആര്‍ പ്രതിനിധി ഇല്ല എന്ന ന്യായീകരണം കൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം മറ്റ് ചോദ്യങ്ങള്‍ ഒഴിവാക്കി. ടെന്‍ഡര്‍ നടപടിയുണ്ടായിരുന്നോ, സൈഡസിന്റെയും മറ്റ് കമ്പനികളുടെ വേഗം എങ്ങനെ നിശ്ചയിച്ചു? പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നിര്‍മാണ ശേഷി ഇല്ലേ? ഈ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ പോലും തയ്യാറായില്ല. ഇതും കൂടി ചേര്‍ത്ത് വായിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി കൂടുതല്‍ സംശയം ജനിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News