ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ അഞ്ചു പേര്‍ ആശുപത്രിയില്‍

കൊച്ചി: ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയവരില്‍ അഞ്ചു പേരെ പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2 പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. മറ്റ് രണ്ട് യാത്രക്കാരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ദുബായില്‍ നിന്നും ഇന്നലെ രാത്രി 8 മണിയോടെ നെടുമ്പാശ്ശേരിയിലെത്തിയ 178 യാത്രക്കാരില്‍ ആലപ്പുഴ, തൃശ്ശൂര്‍, കോട്ടയം ജില്ലക്കാരായ 3 പേരെയാണ് പനിയെത്തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇവരില്‍ രണ്ട് പേര്‍ പുരുഷന്‍മാരും ഒരാള്‍ സ്ത്രീയുമാണ്. മൂവരുടെയും സ്രവ സാമ്പിളുകള്‍ ഉടന്‍ പരിശോധനക്കയക്കും.

അതേസമയം, രോഗലക്ഷണങ്ങളുള്ള മറ്റ് രണ്ട് യാത്രക്കരെ ചികിത്സക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 92 രണ്ട് പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലും 81 പേരെ സ്വന്തം വീടുകളിലും നിരീക്ഷണത്തിനായി മാറ്റി.

ഇതിനിടെ പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍കൂടി ഇന്ന് കൊച്ചിയിലെത്തും. രാത്രി 8.30ന് ദമാമില്‍ നിന്നും 10.50ന് സിങ്കപ്പൂരില്‍ നിന്നുമാണ് വിമാനങ്ങള്‍ എത്തുന്നത്. പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മൂന്നുഘട്ടമായി നടക്കുന്ന ആരോഗ്യ പരിശോധനകള്‍ക്കു ശേഷമാണ് യാത്രക്കാര്‍ക്ക് വിമാനത്താവളത്തിന് പുറത്തെത്താന്‍ കഴിയുക.മറ്റ് യാത്രക്കാരുമായൊ വിമാനത്താവളത്തിലെ മറ്റിടങ്ങളുമായൊ സമ്പര്‍ക്കത്തിലാവാന്‍ അനുവദിക്കില്ല.

അതേസമയം, മാലദ്വീപില്‍ നിന്നും ഞായറാഴ്ച്ച പുറപ്പെട്ട ഇന്ത്യന്‍ നാവികസേനയുടെ കപ്പലായ ഐഎന്‍എസ് മഗര്‍ 202 യാത്രക്കാരുമായി ഇന്ന് രാത്രി 7 മണിയോടെ കൊച്ചി തുറമുഖത്തെത്തും. ഇവരില്‍ 93 പേര്‍ മാത്രമാണ് കേരളത്തില്‍ നിന്നുളളവര്‍. 81 പേര്‍ തമിഴ്‌നാട് സ്വദേശികളും മറ്റുളളവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുളളവരുമാണ്.

യാത്രക്കാരെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും സാമുദ്രിക ക്രൂയിസ് ടെര്‍മിനലില്‍ പൂര്‍ത്തിയായി.

ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കായി ശക്തമായ നിരീക്ഷണ സംവിധാനവും ജില്ലാഭരണകൂടം ഒരുക്കിയിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറക്ക് കൊച്ചി മെട്രോയും സര്‍വ്വീസ് തുടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.

സ്റ്റേഷനുകളും ട്രെയിനുകളും അണുവിമുക്തമാക്കുന്നതോടൊപ്പം സ്റ്റേഷനുകളില്‍ യാത്രക്കാരെ പരിശോധിക്കാനായി തെര്‍മ്മല്‍ സ്‌ക്കാനറുകളും പ്രധാന സ്റ്റേഷനുകളില്‍ ഡിജിറ്റല്‍ തെര്‍മ്മല്‍ സ്‌ക്കാനിംഗ് ക്യാമറകളും സ്ഥാപിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News