മുംബൈയിലെ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കെട്ടിക്കിടക്കുന്നു

മുംബൈയില്‍ കൊറോണ കാലത്ത് കോവിഡ് രോഗികളും ആരോഗ്യ പ്രവര്‍ത്തകരും മാത്രമല്ല ദുരന്തത്തില്‍ എരിയുന്നത്. മരിച്ചാലും മണ്ണിലേക്ക് മടങ്ങാന്‍ കഴിയാത മോര്‍ച്ചറിയില്‍ ദിവസങ്ങളോളം തുടരുന്ന നിര്‍ഭാഗ്യ ജന്മങ്ങളുമുണ്ട്. മരിച്ചു കഴിഞ്ഞാല്‍ പൊതിഞ്ഞു കെട്ടി മോര്‍ച്ചറിയില്‍ തള്ളുകയാണ് പല ആശുപത്രികളും ചെയ്തു കൊണ്ടിരിക്കുന്നത്.

ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുന്നതിന് മുന്‍പ് കോവിഡ് ടെസ്റ്റ് തുടങ്ങി പോസ്റ്റ്‌മോര്‍ട്ടം വരെ ചെയ്യണം. ഇതൊന്നും ചെയ്യാന്‍ ആശുപത്രികള്‍ക്ക് ഇപ്പോള്‍ സമയമില്ല. വിദേശ കമ്പനിയില്‍ സേവനം അനുഷ്ഠിച്ചിരുന്ന അനൂപ് കുമാറിന്റെ (39) ഭൗതിക ശരീരവും ഊഴം കാത്ത് മോര്‍ച്ചറിയിലായിട്ട് ഒരാഴ്ച്ചയാകാറായി. മെയ് 8 നാണ് അനൂപിനെ ഗോരേഗാവിലെ വീട്ടില്‍ മരിച്ച നിലയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തിയത്.

അഞ്ചു ദിവസം മുന്‍പാണ് രാവിലെ ഏറെ വൈകിയിട്ടും ഉണരാതിരുന്ന അനൂപിനെ സുഹൃത്തുക്കള്‍ മുട്ടി വിളിക്കുകയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്തത്. എന്നാല്‍ പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് കതക് പൊളിച്ച് കയറിയ സുഹൃത്തുക്കള്‍ കണ്ടത് അനൂപ് ബോധരഹിതനായി കിടക്കുന്നതായിരുന്നു.

ഉടന്‍ തന്നെ കാന്തിവലിയിലുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. എന്നിട്ടും മരണപ്പെട്ട അനൂപ് കുമാറിന്റെ മൃതേദേഹം ഇപ്പോഴും കാന്തിവലി ശതാബ്ദി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.

കൊവിഡ് ടെസ്റ്റിന് ശേഷം ആവശ്യമെങ്കില്‍ പോസ്റ്റുമോര്‍ട്ടവും കഴിഞ്ഞാണ് ഇനി മൃതദേഹം വിട്ടു കിട്ടൂവെന്നാണ് ആശുപത്രിയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. അനൂപിന്റെ അച്ഛന്‍ രാമചന്ദ്രന്‍ നായര്‍ രണ്ടു മാസം മുമ്പ് മരണമടഞ്ഞിരുന്നു. അമ്മ – പാറുക്കുട്ടി. ഭാര്യ. അശ്വതി . രണ്ടു കുട്ടികള്‍ . അങ്കമാലി, പുലിയാനം, മായാറ്റുവീട്ടില്‍ കുടുംബാംഗമാണ്. മുംബൈയില്‍ ഗോറിഗാവില്‍ റൊമല്ലാ ആദര്‍ സൊസൈറ്റിയിലെ, B1 – 703 ഫ്‌ലാറ്റിലെ താമസക്കാരനായിരുന്നു. കുടുംബം കേരളത്തിലാണ്. ഒറ്റക്കായിരുന്നു താമസം.

മൃതദേഹം ഏറ്റ് വാങ്ങാനും നാട്ടിലെത്തിക്കാനും സുഹൃത്തുക്കള്‍ സഹായം ആവശ്യപ്പെട്ടെങ്കിലും കമ്പനിയുടെ HR വിഭാഗം വിഷയത്തില്‍ സജീവമായി ഇടെപെട്ടിട്ടുണ്ടെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. ആശുപത്രിയില്‍ നിന്നും ഭൗതിക ശരീരം വിട്ടു കിട്ടുവാന്‍ വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും കമ്പനിയുടെ എച്ച് ആര്‍ വിഭാഗം അറിയിച്ചു.

മരണാനന്തരമുള്ള കോവിഡ് ടെസ്റ്റിന്റെ കാലതാമസം ആശുപത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമ്പോഴെല്ലാം ജീവിച്ചിരിക്കുന്നവരുടെ ടെസ്റ്റിനല്ലേ മുന്‍ഗണന നല്‍കേണ്ടതെന്നാണ് പല ഡോക്ടര്‍മാരുടെയും മറു ചോദ്യം. മൃതദേഹങ്ങള്‍ വിട്ടു കൊടുക്കുന്നതില്‍ കോവിഡ് ടെസ്റ്റ് മൂലമുള്ള കാലതാമസങ്ങള്‍ ഒഴിവാക്കേണ്ടതാണെന്ന പരാതികള്‍ ഉയര്‍ന്ന് വരുമ്പോഴും അധികൃതരുടെ അനാസ്ഥകള്‍ക്ക് വിരാമമിടാന്‍ ആരോഗ്യ വകുപ്പിന് കഴിയുന്നില്ല. നിരവധി ഡോക്ടര്‍മാര്‍ അവധിയെടുത്ത് ഉത്തരവാദിത്തത്തില്‍ നിന്ന് മാറി നില്‍ക്കുന്നതും ഈ മേഖലയിലെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാന്‍ കാരണമായി.

മുംബൈയില്‍ കോവിഡ് കാലത്ത് മരണമടയുന്നവരുടെയെല്ലാം കുടുംബാംഗങ്ങളുടെ അവസ്ഥ ഇതാണ്. പല ആശുപത്രികളിലും മോര്‍ച്ചറികളില്‍ സ്ഥലമില്ലാതെ വാര്‍ഡുകളില്‍ തന്നെ ശവശരീരങ്ങള്‍ പൊതിഞ്ഞു വച്ചിരിക്കുന്ന ഗതികേടിനെ ശീലമാക്കാനും പരിശീലിക്കുകയാണ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News