‘കൈകോര്‍ത്ത് കൈരളി’ക്ക് പ്രവാസലോകത്ത് മികച്ച പ്രതികരണം

കൊവിഡ് 19 മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി കൈരളി ടിവി നടപ്പാക്കുന്ന കൈകോര്‍ത്ത് കൈരളി പദ്ധതിക്ക് വലിയ പ്രതികരണം.

ഗള്‍ഫിലെ പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളും റേഡിയോ, പത്ര മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ തന്നെ ഈ പദ്ധതിയെക്കുറിച്ച് വാര്‍ത്തകളും നല്‍കി.

കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി ഇന്ത്യയിലാദ്യമായി ഒരു ടെലിവിഷന്‍ ചാനല്‍ നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കത്തില്‍ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

നാട്ടിലേക്കെത്താന്‍ അര്‍ഹരായ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്ക് സൗജന്യ ടിക്കറ്റ് ലഭ്യമാക്കുനതാണ് കൈകോര്‍ത്ത് കൈരളി എന്ന ഉദ്യമം. ഗള്‍ഫ്‌ രാജ്യങ്ങളിലെ നിരവധി സുമനസുകള്‍ ഈ പദ്ധതിയോട് സഹകരിക്കാന്‍ മുന്നോട്ടു വന്നു. ഈ സംരംഭത്തെ ക്കുറിച്ച് അറിഞ്ഞ ഗള്‍ഫ്‌ മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ വിശദാംശങ്ങള്‍ നല്‍കി.

ഗള്‍ഫിലെ പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ആയ യു എ ഇ യിലെ ഗള്‍ഫ്‌ ന്യൂസ്‌ , ഖലീജ് ടൈംസ്‌ , ഒമാനിലെ ദ അറേബ്യന്‍ സ്റ്റോറീസ് തുടങ്ങിയ വിദേശ മാധ്യമങ്ങള്‍ കൈരളി ടിവിയുടെ പദ്ധതിയെ പ്രശംസിച്ചു.

യു എ ഇ യിലെ പ്രമുഖ റേഡിയോ നിലയങ്ങളായ റേഡിയോ ഏഷ്യ , ഗോള്‍ഡ്‌ എഫ് എം എന്നിവ കൈരളി ടിവി എം ഡി ജോണ്‍ ബ്രിട്ടാസുമായി പ്രത്യേക അഭിമുഖങ്ങള്‍ നടത്തി.

ഗള്‍ഫില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാള പത്രങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും
കൈ കോര്‍ത്ത്‌ കൈരളി എന്ന പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഗള്‍ഫ്‌ മലയാളികളുമായി പങ്കു വെച്ചു. ആദ്യഘട്ടത്തില്‍ ഗള്‍ഫ് പ്രവാസികളെയാണ് ഈ സംരംഭത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൃത്യമായ സ്‌ക്രീനിംഗിലൂടെയാവും അര്‍ഹരെ തെരഞ്ഞെടുക്കുക. ഇതിനായി മലയാളം കമ്യൂണിക്കേഷൻസ് ചെയർമാൻ പദ്മശ്രീ മമ്മൂട്ടി മുഖ്യരക്ഷാധികാരിയായുള്ള സമിതിക്കു രൂപം നല്‍കിയിട്ടുണ്ട്. പ്രവാസി ‌ മലയാളികളെ ചേര്‍ത്ത് പിടിക്കുന്നതിലൂടെ ഒരു ജനതയുടെ ഹൃദയ വികാരമായി മാറുകയാണ് കൈരളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here