സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളോടെ കള്ള് ഷാപ്പുകള്‍ തുറന്നു

പാലക്കാട്: സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളോടെ കള്ള് ഷാപ്പുകള്‍ തുറന്നു. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ അടച്ചിട്ട കള്ള് ഷാപ്പുകള്‍ 50 ദിവസങ്ങള്‍ക്ക് ശേഷമാണ് തുറന്നത്. ലോക്ക്ഡൗണില്‍ ലൈസന്‍സ് നടപടിക്രമം പൂര്‍ത്തിയാകാത്തതും കള്ളിന്റെ ലഭ്യത കുറഞ്ഞതും കാരണം ആദ്യ ദിനം സംസ്ഥാനത്തെ ഭൂരിഭാഗം കള്ളുഷാപ്പുകളും തുറക്കാന്‍ കഴിഞ്ഞില്ല.

രാവിലെ 9 മണി മുതല്‍ 7 മണി വരെയാണ് പ്രവര്‍ത്തന സമയം. പാര്‍സല്‍ മാത്രമേ നല്‍കൂ. ഒരാള്‍ക്ക് ഒന്നര ലിറ്റര്‍ കള്ള് മാത്രം. ഷാപ്പില്‍ ഭക്ഷണ വിതരണം പാടില്ല. ആളുകള്‍ കൂട്ടം കൂടരുത്. ഒരേ സമയത്ത് അഞ്ച് പേര്‍ക്ക് മാത്രം പ്രവേശനം. ഇങ്ങനെ നിയന്ത്രണങ്ങളോടെയാണ് കള്ള് ഷാപ്പുകള്‍ക്ക് പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. രാവിലെ വളരെ നേരത്തെ തന്നെ കള്ളിനായി ആളുകള്‍ ഷാപ്പിന് മുന്നിലെത്തിയിരുന്നു. തുറക്കുമ്പോള്‍ നിറഞ്ഞ കൈയ്യടിയായിരുന്നു.

സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാണ് കള്ള് വില്‍പന. മാര്‍ഗനിര്‍ദേശം ലംഘിക്കുന്ന ഷാപ്പുകള്‍ക്കെതിരെ നടപടിയെടുക്കും.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കള്ളുത്പാദിപ്പിക്കുന്ന പാലക്കാട് ജില്ലയില്‍ ഭൂരിഭാഗം ഷാപ്പുകളും തുറന്നു. 809 ഷാപ്പുകളില്‍ 589 ഷാപ്പുകളാണ് തുറന്നത്. ഇടുക്കിയില്‍ 237 ല്‍ 99 ഷാപ്പുകളും തൃശൂരില്‍ 514ല്‍ 225 ഉം എറണാകുളത്ത് 550ല്‍ 30 ഉം ഷാപ്പുകള്‍ തുറന്നു.

കോട്ടയം ജില്ലയിലും ചിലയിടങ്ങളില്‍ ഷാപ്പുകള്‍ തുറന്നു. ഭൂരിഭാഗം ജില്ലകളിലും ആദ്യദിനം ഷാപ്പുകള്‍ തുറക്കാന്‍ കഴിഞ്ഞില്ല. ലൈസന്‍സ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാലാണ് പലയിടങ്ങളിലും ഷാപ്പുകള്‍ തുറക്കുന്നതിന് തടസ്സമായത്. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലേക്ക് കള്ള് വിതരണം ചെയ്യുന്ന പാലക്കാട് ജില്ലയില്‍ 20 ശതമാനത്തോളം തെങ്ങുകളിലാണ് കള്ള് ഉത്പാദനം തുടങ്ങിയത്.

തെങ്ങൊരുക്കാത്തതും നാട്ടില്‍ പോയ തൊഴിലാളികള്‍ തിരിച്ചെത്താത്തതുമാണ് കാരണം. കള്ളിന്റെ ലഭ്യത കുറഞ്ഞതും മറ്റ് ജില്ലകളില്‍ ഷാപ്പുകള്‍ തുറക്കാത്തതിന് കാരണമായി. കള്ള് ഷാപ്പുകള്‍ തുറന്ന സാഹചര്യത്തില്‍ വ്യാജ കള്ള് തടയാന്‍ എക്‌സൈസ് പരിശോധന ശക്തമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News