തൊഴില്‍ ഇല്ലാത്തവരേയും, പാലായനം ചെയ്യുന്ന തൊഴിലാളികളേയും അവഗണിച്ച് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ്

ദില്ലി: തൊഴില്‍ ഇല്ലാത്തവരേയും, പാലായനം ചെയ്യുന്ന തൊഴിലാളികളേയും അവഗണിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ആദ്യദിന സാമ്പത്തിക പാക്കേജ് പ്രഖ്യാപനം. പണലഭ്യതയ്ക്ക് പതിനഞ്ചിന പദ്ധതിയെന്ന് നിര്‍മ്മലാ സീതാരാമന്‍. മുന്‍കൂട്ടി നികുതി നല്‍കേണ്ട ടി.ഡി.എസ് ഇരുപത്തിയഞ്ച് ശതമാനം കുറച്ചു. നികുതി തിരിച്ചടവിനുള്ള സമയം നീട്ടി. ചെറുകിട ഇടത്തരം വ്യവസായമേഖലയ്ക്ക് ഈടില്ലാത്ത വായ്പ. ബാങ്കിംങ്ങ് ഇതരസ്ഥാപനങ്ങള്‍ക്കും ഊര്‍ജമേഖലയിലെ കമ്പനികള്‍ക്കും നഷ്ടം നികത്താനും പദ്ധതികള്‍.

പതിനഞ്ച് പ്രഖ്യാപനങ്ങള്‍. ആറെണ്ണം ചെറുകിട ഇടത്തരം വ്യവസായമേഖലയ്ക്ക്. മൂന്നെണ്ണം നികുതി മേഖലയ്ക്ക്.പിഫ് തിരിച്ചടവിനായി രണ്ട് പദ്ധതികള്‍. ഇത്രയുമാണ് ആദ്യ ദിനം സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. എല്ലാവിധ നികുതി തിരിച്ചടവിനുള്ള സമയം പരിധി 31 ജൂലൈ മുതല്‍ നവംബര്‍ 30 വരെ നീട്ടി.

വീട്ട് വാടക,ഫീസ്,പലിശ,കമ്മീഷന്‍,കരാര്‍ തുകകള്‍ എന്നിവയില്‍ നിന്നുള്ള ടി.ഡി.എസ്, റ്റി.സി.എസ് നികുതി ഇരുപത്തിയഞ്ച് ശതമാനം കുറച്ചു. മധ്യവര്‍ഗമേഖലയെ ലക്ഷ്യം വച്ചാണ് നീക്കം.നികുതി ദായകര്‍ക്ക് മടക്കി നല്‍കേണ്ട തുക സാമ്പത്തിക പാക്കേജില്‍ വകയിരുത്തി. പതിനെട്ടായിരം രൂപ ഇതിനായി ചിലവഴിക്കും. അഞ്ച് ലക്ഷം വരെയുള്ള നികുതിസ്ലാബില്‍ വരുന്ന പതിനാല് ലക്ഷം നികുതി ദായകര്‍ക്ക് ഇത് ഗുണം ചെയ്യുമെന്ന് മന്ത്രി നിര്‍മലാ സീതാരാമന്‍ അവകാശപ്പെട്ടു.

ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്ക് മുന്‍തൂക്കം നല്‍കുകയാണന്ന സൂചന നല്‍കി ആറ് പദ്ധതികളാണ് ഈ മേഖലയ്ക്ക് മാത്രമായി മാറ്റി വച്ചത്. ഈടില്ലാത്ത വായ്പ നല്‍കാന്‍ മൂന്ന് ലക്ഷം കോടി, നഷ്ടം നേരിടുന്ന കച്ചവടക്കാര്‍ക്കായി ഇരുപതിനായിരം കോടി,200 കോടിവരെ വരുന്ന സര്‍ക്കാര്‍ ടെന്‍ണ്ടറുകള്‍ക്ക് ആഗോള ടെന്‍ണ്ടറുകള്‍ ഇല്ല.ഇത് തദേശിയ ചെറുകിട വ്യവസായ മേഖലയ്ക്ക് മാത്രമാക്കി. ചെറുകിട ഇടത്തരം വ്യവസാമേഖലയുടെ നിര്‍വചനം പരിഷ്‌കരിച്ച് നിക്ഷേപ പരിധി യഥാക്രമം ഉയര്‍ത്തി. നിര്‍മ്മാണ-സര്‍വീസ് മേഖല ഏകീകരിച്ചു.

വ്യവസായം പുനര്‍ജീവിപ്പിക്കുക, തൊഴില്‍ ഇല്ലായ്മ കുറയ്ക്കുക എന്നിവയാണ് ഇത് വഴി കേന്ദ്രം ലക്ഷ്യമിടുന്നത്. 72 ലക്ഷം തൊഴിലാളികളുടെ പി.എഫ് വിഹിതം അടക്കുന്നത് സര്‍ക്കാര്‍ തുടരും. നൂറ് കൂടുതല്‍ പേരുള്ള സ്ഥാപനങ്ങളിലെ തൊഴിലുടമയും തൊഴിലാളിയും അടയ്ക്കേണ്ട വിഹിതം പന്ത്രണ്ടില്‍ നിന്നും പത്തായി കുറച്ചു.പക്ഷെ സര്‍ക്കാര്‍-പൊതുമേഖള സ്ഥാപനങ്ങളില്‍ തൊഴഴിലുടമയുടെ വിഹിതം പന്ത്രണ്ടായി തുടരുമെന്നും മന്ത്രി അറിയിച്ചു.

ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍, ഭവന വായ്പ സ്ഥാപനങ്ങള്‍, ഊര്‍ജ വിതരണ കമ്പനികള്‍ എന്നിവര്‍ക്കായി യഥാക്രമം മൂപ്പതിനായിരം കോടി,നാല്‍പ്പതിനായിരം കോടി,തൊണ്ണൂറായിരം കോടി എന്നിങ്ങനെ വായ്പ സഹായവും പ്രഖ്യാപിച്ചു.വരും ദിവസങ്ങളിലും സാമ്പത്തിക പാക്കേജിന്റെ തുടര്‍ പ്രഖ്യാപനം ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News