മോദി സര്‍ക്കാരിന്റെ പാക്കേജ് പ്രഹസനം; സംസ്ഥാനങ്ങള്‍ക്ക് ഒന്നും നല്‍കിയിട്ടില്ലെന്ന് സീതാറാം യെച്ചൂരി

ദില്ലി: മോദി സര്‍ക്കാരിന്റെ പാക്കേജ് പ്രഹസനമെന്നും സംസ്ഥാനങ്ങള്‍ക്ക് ഒന്നും നല്‍കിയില്ലെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെ ആദ്യ ഘട്ടം അപര്യാപ്തമെന്നും താഴെക്കിടയില്‍ പണമെത്തിക്കാനുള്ള പ്രഖ്യാപനം ഉണ്ടായില്ലെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.

ചെറുകിട ഇടത്തരം മേഖലയ്ക്കുള്ള പ്രഖ്യാപനം ഒഴിവാക്കിയാല്‍ മറ്റെല്ലാം നിരാശപ്പെടുത്തുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. പ്രഖ്യാപനം വട്ടപ്പൂജ്യമെന്ന് മമത ബാനര്‍ജി പരിഹസിച്ചു.

കേന്ദ്ര പാക്കേജ് താഴെക്കിടയില്‍ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ പര്യാപ്തമല്ലെന്ന വിലയിരുത്തലിലാണ് പാക്കേജ് വിശദീകരണത്തിന്റെ ആദ്യ ദിവസം പ്രതിപക്ഷ പാര്‍ട്ടികള്‍. ജനങ്ങളില്‍ നേരിട്ട് പണം എത്തിക്കാനും സംസ്ഥാനങ്ങളെ സഹായിക്കാനും കേന്ദ്രം തയ്യാറാകുന്നില്ലെന്നാണ് പ്രതിപക്ഷ വിമര്‍ശനത്തിന്റെ പൊതു സ്വരം. പാക്കേജ് പ്രഹസനമെന്നായിരുന്നു സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം.

മോദി സര്‍ക്കാരിന്റെ നീചമായ രാഷ്ട്രീയത്തിനാണ് സാക്ഷിയാകുന്നത്. സംസ്ഥാനങ്ങള്‍ക്ക് അവര്‍ക്ക് അര്‍ഹമായ കുടിശ്ശിക പോലും നല്‍കിയില്ല. അടിയന്തര സഹായം വേണ്ടവര്‍ പട്ടിണിയുമായി റോഡിലാണ്. നിലനില്‍പ്പിന് പോരാടുന്ന കോടിക്കണക്കിന് ആളുകള്‍ക്ക് ഉണര്‍വ് നല്‍ക്കാത്ത പ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

താഴെത്തട്ടില്‍ പണമെത്തിക്കാന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ലെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം. ദരിദ്രര്‍, പട്ടിണിക്കാര്‍ അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്ക് ഒന്നും പ്രഖ്യാപിക്കാഞ്ഞത് അധ്വാനിക്കുന്നവര്‍ക്കുള്ള ക്രൂരമായ അടിയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം കുറ്റപ്പെടുത്തി.

കൂടുതല്‍ ചെലവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. എന്നാല്‍ തയ്യാറാകുന്നില്ല, കൂടുതല്‍ കടം വാങ്ങണം. പക്ഷെ ചെയ്യുന്നില്ല. സ്വന്തം അജ്ഞതയുടെ തടവിലാണ് സര്‍ക്കാര്‍. എം എസ് എം എം ഇക്കുള്ള പ്രഖ്യാപനം മാറ്റി നിര്‍ത്തിയാല്‍ മറ്റെല്ലാം നിരാശപ്പെടുത്തുന്നതെന്നും ചിദംബരം പറഞ്ഞു.

6.3 കോടിയോളം വരുന്ന ഏറ്റവും ചെറിയ തോതില്‍ പ്രവര്‍ത്തിക്കുന്ന എംഎസ്എംഇകള്‍ ഒഴിവാക്കപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനങ്ങള്‍ ആശ്വാസം പ്രതീക്ഷിച്ചു കിട്ടിയത് വട്ടപൂജ്യമെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പരിഹാസം. സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ ഇല്ലാത്തതിലും മമത എതിര്‍പ്പ് പ്രകടമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here