കൊറോണ കാലത്തെ നെറികേട്: കൊവിഡ് ബാധിതനൊപ്പം സമ്പര്‍ക്കം പുലര്‍ത്തിയ ടി എന്‍ പ്രതാപനും ഷാഫി പറമ്പിലും സന്ദര്‍ശിച്ചത് നഴ്സുമാരെ; ക്വാറന്റൈനില്‍ പോകണമെന്ന് മന്ത്രി; വാളയാര്‍ സമരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് മുക്കി ഷാഫി പറമ്പില്‍

തിരുവനന്തപുരം: കൊവിഡ് ബാധിതനുമായി സമ്പര്‍ക്കമുണ്ടായ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ആശുപത്രികള്‍ സന്ദര്‍ശിച്ചു. വാളയാര്‍ സമരനാടകത്തില്‍ കൊവിഡ് ബാധിതനൊപ്പം സാമൂഹിക അകലം പോലും പാലിക്കാതെ പങ്കെടുത്തതിന് ശേഷം ടി എന്‍ പ്രതാപനും ഷാഫി പറമ്പിലും നഴ്‌സുമാരെയും സന്ദര്‍ശിച്ചു.

ടി എന്‍ പ്രതാപന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ നഴ്സുമാരെയും ഷാഫി പറമ്പില്‍ പാലക്കാട്ടെ ആശുപത്രിയിലെ നഴ്‌സുമാരേയുമാണ് സന്ദര്‍ശിച്ചു. ഈ നടപടികളിലൂടെ പുറത്തുവരുന്നത് കോണ്‍ഗ്രസ് നേതാക്കളുടെ നെറികെട്ട രാഷ്ട്രീയ നാടകം.

മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തിയ ടി എന്‍ പ്രതാപന്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ നഴ്സുമാരുടെ വായിലേക്ക് മധുരം നല്‍കുകയും ചെയ്തു. ലോകത്ത് തന്നെ നഴ്സുമാര്‍ അടക്കം നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിക്കുന്നു എന്ന ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കിടെയിലാണ് എംപിയുടേയും എംഎല്‍എയുടെയും ഭാഗത്ത് നിന്നുള്ള ഉത്തരവാദിത്വമില്ലാത്ത ഇത്തരം പ്രവര്‍ത്തികള്‍.

പാസ് ഇല്ലാത്ത ആളുകളെ താന്‍ വാളയാര്‍ അതിര്‍ത്തി കടത്തിയതായി കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര തന്നെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. വാളയാര്‍ അതിര്‍ത്തി വഴി പാസില്ലാതെ എത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കോണ്‍ഗ്രസ് നേതാക്കളുടെ തരം താണ രാഷ്ട്രീയ നാടകം കേരളത്തില്‍ കൊവിഡ് വ്യാപനത്തിന് കാരണമായെന്ന് വ്യക്തമായിരിക്കുകയാണ്. വാളയാര്‍ അതിര്‍ത്തിയില്‍ സമരം നടത്തിയവര്‍ ഉള്‍പ്പെടെയുളളവര്‍ ഉടന്‍ ക്വാറന്റൈനില്‍ പോകണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടു.

കൊവിഡ് വ്യാപനത്തിന് കാരണമാകും വിധം വാളയാറില്‍ സമരം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസ് എടുക്കണമെന്നും സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെ ഷാഫി പറമ്പില്‍ വാളയാര്‍ സമരവുമായി ബന്ധപ്പെട്ട് ശനിയാഴച്ച ഫേസ്ബുക്കിലിട്ടിരുന്ന പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here