വയനാട് എസ്പി ക്വാറന്റീനില്‍; മാനന്തവാടി സ്റ്റേഷനിലേക്ക് പ്രവേശനമില്ല, പൊലീസുകാര്‍ നിരീക്ഷണത്തില്‍; ഡിവൈഎസ്പിയുടെ പരിശോധനാഫലം ഇന്ന്; വയനാട് അതീവ ജാഗ്രതയില്‍

കല്‍പറ്റ: വയനാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട വയനാട് ജില്ല പൊലീസ് മേധാവി ആര്‍. ഇളങ്കോ ക്വാറന്റീനില്‍ പ്രവേശിച്ചു.

മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. സമ്പര്‍ക്കമുള്ള ഡിവൈഎസ്പിയുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും.

വയനാട്ടില്‍ രണ്ട് പൊലീസുകാര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. മലപ്പുറം എം.എസ്.പിയില്‍ നിന്ന് പ്രത്യേക ‘ഓപറേഷന്‍’ ഡ്യൂട്ടിക്കെത്തി ഡിവൈ.എസ്.പിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഒരു സിവില്‍ പൊലീസ് ഓഫിസര്‍ക്കും മാനന്തവാടി സ്‌റ്റേഷനിലെ ഒരാള്‍ക്കുമാണ് രോഗബാധയുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മലപ്പുറം സ്വദേശിയും മറ്റൊരാള്‍ കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ സ്വദേശിയുമാണ്.

തമിഴ്‌നാട്ടില്‍നിന്നുവന്ന് കഴിഞ്ഞയാഴ്ച കൊവിഡ് സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നതെന്നാണ് അധികൃതരുടെ നിഗമനം.

പൊലീസുകാര്‍ക്ക് കൊവിഡ് പിടിപെട്ടതിനെ തുടര്‍ന്ന് സേനയില്‍ കൂടുതല്‍ പേരെ പരിശോധിക്കും. പൊലീസുകാര്‍ക്കിടയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മാനന്തവാടി സ്‌റ്റേഷനിലെ കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്.

മാനന്തവാടി സ്റ്റേഷനിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനവും നിഷേധിച്ചു. പരാതികള്‍ നല്‍കാന്‍ സമീപത്തെ പൊലീസ് സ്റ്റേഷനെ ആശ്രയിക്കണം. ഇമെയില്‍ വഴിയും പരാതി നല്കാവുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പിപിഇ കിറ്റ് ധരിച്ച രണ്ടു പൊലീസുകാരും ഒരു ആരോഗ്യപ്രവര്‍ത്തകനും മാത്രമാണ് സ്റ്റേഷനില്‍ ഉണ്ടാവുക. ഒഴിവാക്കാനാകാത്ത നടപടികള്‍ തീര്‍ക്കാനാണ് ഈ സംവിധാനം. സ്റ്റേഷന്‍ സമ്പൂര്‍ണമായി അണുവിമുക്തമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News