ജൂണ്‍ 30 വരെ സാധാരണ സര്‍വീസുകള്‍ ഇല്ലെന്ന് റെയില്‍വേ; ശ്രമിക് ട്രെയ്നുകളില്‍ ജില്ലാന്തര യാത്രകള്‍ അനുവദിക്കില്ല; ദില്ലിയില്‍ നിന്നുള്ള സ്പെഷ്യല്‍ ട്രെയിന്‍ ഇന്ന് കേരളത്തിലെത്തും

ജൂണ്‍ 30 വരെ രാജ്യത്ത് സാധാരണ സര്‍വീസുകള്‍ ഉണ്ടാവില്ലെന്ന് റെയില്‍വേ അറിയിച്ചു. യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കി പണം മടക്കി നല്‍കുമെന്നും റെയില്‍വേ അറിയിച്ചു.

എന്നാല്‍ ശ്രമിക്, സ്പെഷ്യല്‍ ട്രെയ്നുകള്‍ സര്‍വീസ് നടത്തുമെന്നും റെയില്‍വേ അറിയിച്ചു. നേരത്തെ രാജ്യവ്യാപകമായി ട്രെയിന്‍സര്‍വീസ് പുനരാരംഭിക്കാനു‍ള്ള തീരുമാനത്തിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ രംഗത്തുവന്നിരുന്നു ഇതിന് പിന്നാലെയാണ് റെയില്‍വേയുടെ പുതിയ തീരുമാനം.

ശ്രമിക് ട്രെയിനുകളില്‍ ജില്ലാന്തര യാത്രകള്‍ അനുവദിക്കില്ലെന്നും റെയില്‍വേ ഉത്തരവില്‍ പറയുന്നു.

ദില്ലിയില്‍ നിന്നുള്ള സ്പെഷ്യല്‍ ട്രെയിന്‍ ഇന്ന് കേരളത്തിലെത്തും

ലോക്ഡൗണ്‍ ഇളവിന് ശേഷം ഡൽഹിയില്‍ നിന്നും യാത്രക്കാരുമായി പുറപ്പെട്ട പ്രത്യേക ട്രെയിന്‍ ഇന്ന് കേരളത്തിലെത്തും.

കോ‍ഴിക്കോടും കൊച്ചിയിലും സ്റ്റോപ്പുളള ട്രെയിന്‍ നാളെ പുലര്‍ച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യാത്രക്കാരെ സ്റ്റേഷനിൽ ആരോഗ്യ വിഭാഗം ജീവനക്കാർ പരിശോധിക്കും. ട്രെയിനിൽ എത്തുന്ന എല്ലാവരും വീടുകളിൽ ക്വാറന്‍റൈനില്‍ കഴിയണമെന്നാണ് നിര്‍ദേശം.

ലോക് ഡൗണ്‍ ഇളവിന് ശേഷം യാത്രക്കാരുമായി ബുധനാ‍ഴ്ച പുറപ്പെട്ട ന്യൂഡെല്‍ഹി- തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനാണ് ഇന്ന് രാത്രിയോടെ കേരളത്തിലെത്തുന്നത്.

ആദ്യ സ്റ്റോപ്പായ കോ‍ഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ രാത്രി പതിനൊന്ന് മണിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അര്‍ദ്ധരാത്രിയോടെ എറണാകുളം സൗത്ത് സ്റ്റേഷനില്‍ എത്തിച്ചേരുന്ന ട്രെയില്‍ നാളെ പുലര്‍ച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചേരും. യാത്രക്കാരെ കയറ്റുന്നതിലും ഇറക്കുന്നതിലും കര്‍ശന ജാഗ്രതയും നടപടിക്രമങ്ങളും ഉളളതിനാല്‍ ഷെഡ്യൂള്‍ പ്രകാരമുളള സമയക്രമത്തില്‍ മാറ്റം വന്നേക്കാം.

എല്ലാ സ്റ്റേഷനിലും ആരോഗ്യപ്രവര്‍ത്തകര്‍ യാത്രക്കാരെ പരിശോധിക്കും. രോഗലക്ഷണമുള്ള യാത്രക്കാരെ കൊണ്ടുപോകുന്നതിനായി ആംബുലൻസ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ട്രെയിനിൽ എത്തുന്ന എല്ലാവരും വീടുകളിൽ ക്വാറന്‍റൈനില്‍ കഴിയണമെന്നാണ് നിര്‍ദേശം.

യാത്രക്കാരെ അതാത് ജില്ലകളില്‍ എത്തിക്കാന്‍ കെ.എസ്.ആർ.ടി.സി ബസുകൾ സജ്ജമാണ്. യാത്രക്കാര്‍ക്ക് സ്വന്തം നിലയില്‍ സ്വകാര്യ വാഹനങ്ങളിൽ പോകുന്നതിനുള്ള അനുവാദവും നല്‍കിയിട്ടുണ്ട്.

ഗർഭിണികൾ ഉൾപ്പെടെ ശാരീരിക അവശതകൾ ഉള്ളവർക്കായി സ്റ്റേഷനിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

യാത്രികർക്കായി വ്യക്തമായ നിർദ്ദേശങ്ങൾ സ്റ്റേഷനിൽ അനൗൺസ് ചെയ്യും. സാമൂഹിക അകലം പാലിക്കുന്ന രീതിയില്‍ റെയില്‍വേ സ്റ്റേഷനുക‍ളിലെ കസേരകളും ക്രമീകരിച്ചു ക‍ഴിഞ്ഞു.

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 21 നായിരുന്നു രാജ്യത്തെ ട്രെയിന്‍ സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News