ഇന്ന് 26 പേര്‍ക്ക് കൊവിഡ്; മൂന്നു പേര്‍ രോഗമുക്തര്‍; ഉയരുന്ന രോഗനിരക്ക് വിപത്തിന്റെ സൂചന; മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും പാലക്കാട്, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

14 പേരാണ് കേരളത്തിന് പുറത്ത് നിന്നും വന്നത്. ഇതില്‍ 7 പേര്‍ വിദേശത്ത് (യു.എ.ഇ.-5, സൗദി അറേബ്യ-1, കുവൈറ്റ്-1) നിന്നും വന്നതാണ്. 4 പേര്‍ മുംബൈയില്‍ നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ബാഗ്ലൂരില്‍ നിന്നും വന്നതാണ്. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കാസര്‍ഗോഡ് ജില്ലയിലുള്ള 7 പേര്‍ക്കും വയനാട് ജില്ലയിലുള്ള 3 പേര്‍ക്കും പാലക്കാട് ജില്ലയിലുള്ള ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇടുക്കി ജില്ലയില്‍ രോഗം ബാധിച്ചയാള്‍ ബേക്കറി ഉടമസ്ഥനാണ്. സെന്റിനല്‍ സര്‍വൈലന്‍സിലൂടെയാണ് ഇദ്ദേഹത്തിന്റെ രോഗം സ്ഥിരീകരിച്ചത്.

കാസര്‍ഗോഡ് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. വയനാട് ജില്ലയില്‍ രോഗം ബാധിച്ച ഒരാള്‍ പോലീസ് ഉദ്യോഗസ്ഥനാണ്.

ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 64 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 493 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 36,910 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 36,362 പേര്‍ വീടുകളിലും 548 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

174 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 40,692 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 39,619 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 4347 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4249 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. അതേസമയം 19 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 15 ഹോട്ട് സ്പോട്ടുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വിപത്തിന്റെ സൂചനയാണ് കൂടുന്ന രോഗനിരക്ക്

നാം നേരിടുന്ന വിപത്തിന്റെ സൂചനയാണ് കൂടുന്ന രോഗനിരക്ക്. ഇത് മറികടക്കണം. ഇത് മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ 560 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 64 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 36,362 പേര്‍ വീടുകളിലും 548 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 40,692 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 39,619 എണ്ണം നെഗറ്റീവാണ്. മുന്‍ഗണനാ വിഭാഗത്തിലെ 4,347 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4,249 നെഗറ്റീവാണ്. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 15 ആയി. കണ്ണൂരില്‍ മൂന്ന്, കാസര്‍കോട് മൂന്ന്, വയനാട് ഏഴ്, കോട്ടയം, തൃശ്ശൂര്‍ ഒന്ന് വീതമാണ് ഹോട്ട്‌സ്‌പോട്ടുകള്‍.

കൊറോണവൈറസ് ഒരിക്കലും ഇല്ലാതാവില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വാക്‌സിന്റെ അഭാവത്തില്‍ എച്ച്‌ഐവിയെ പോലെ ലോകത്താകെ നിലനില്‍ക്കുന്ന വൈറസായി നോവല്‍ കൊറോണ നിലനില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

സമൂഹത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കല്‍, കൊവിഡ് 19 നെ ചികിത്സിച്ച് സുഖപ്പെടുത്തുന്ന സംവിധാനം യാഥാര്‍ത്ഥ്യമാക്കലും പ്രധാനമാണ്. പൊതുജനാരോഗ്യ സംവിധാനം അത്തരം ഇടപെടലില്‍ കേന്ദ്രീകരിക്കും.

പൊതുസമൂഹം ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം. മാസ്‌ക് പൊതുജീവിതത്തിന്റെ ഭാഗമാകണം. തിക്കും തിരക്കും ഉണ്ടാകാത്ത വിധം കച്ചവട സ്ഥാപനങ്ങളിലും ഗതാഗത സൗകര്യങ്ങളിലും ചന്തകളിലും ക്രമീകരണം വേണം.

അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക. ആളുകളുടെ എണ്ണം ക്രമീകരിക്കുക. ഇതിന് വ്യക്തികളും കുടുംബങ്ങളും സ്വയമേ തയ്യാറാകണം.

ഭക്ഷണശാലകളിലും ഷോപ്പിങ് സെന്ററുകളിലും മുന്‍കൂട്ടി സമയം നിശ്ചയിച്ച് ഉപഭോക്താക്കള്‍ക്ക് സമയം നല്‍കണം. ലോക്ക് ഡൗണ്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇനിയുള്ള നാളുകള്‍ നാം കൊറോണയെ കരുതിയാവണം ജീവിക്കേണ്ടത്.

കൊവിഡ് 19 മനുഷ്യജീവന്‍ കവര്‍ന്നെടുത്ത് വിനാശകരമായി മാറിയ സാഹചര്യമാണ് ചുറ്റിലും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 124 മലയാളികള്‍ ഇതുവരെ മരിച്ചു. അവരുടെ വേര്‍പാട് വേദനാജനകമാണ്.

ആരോഗ്യ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നില്‍ക്കുന്നവരും രോഗത്തിന് കീഴടങ്ങി. എല്ലാവരുടെയും ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News