യുവാവ് കൊറോണ നിരീക്ഷണത്തിലെന്ന് വ്യാജ പ്രചാരണം; ലീഗ് നേതാവ് അറസ്റ്റില്‍

മലപ്പുറം: താനൂരില്‍ അഞ്ചുടി സ്വദേശിയായ യുവാവ് കൊറോണ നിരീക്ഷണത്തിലാണെന്ന് നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ താനൂര്‍ നഗരസഭാ കൗണ്‍സിലറും ലീഗ് നേതാവുമായ സി പി സലാം അറസ്റ്റില്‍. യുവാവിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താനൂര്‍ എസ്എച്ച്ഒ പി പ്രമോദും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേ ബാംഗ്ലൂരില്‍ നിന്നെത്തിയ യുവാവിനെതിരെയാണ് കൗണ്‍സിലര്‍ വ്യാജ പ്രചാരണം അഴിച്ചുവിട്ടത്. ജില്ലയില്‍ രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവര്‍ക്കൊപ്പം വിമാനത്തില്‍ യാത്രചെയ്തിരുന്ന താനൂര്‍ സ്വദേശികള്‍ താനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടിയതുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിലൂടെ കൗണ്‍സിലര്‍ ശബ്ദ സന്ദേശം അയച്ചിരുന്നു. ഇതിലാണ് അഞ്ചുടി സ്വദേശിയായ യുവാവിനെയും പരാമര്‍ശിച്ചത്.

യുവാവ് കൊറോണ ചികിത്സ തേടാതെ നാട്ടില്‍ കറങ്ങി നടക്കുകയാണെന്ന കൗണ്‍സിലറുടെ വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ യുവാവിന്റെ വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി.

ഇതേ തുടര്‍ന്നായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുമായി മുന്നോട്ടു പോയപ്പോള്‍ തീരദേശത്തെ ലീഗ് നേതാക്കള്‍ പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായി ഭാര്യ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News