ലോകത്ത് കൊവിഡ്‌ മരണം‌ 3 ലക്ഷം കടന്നു; ഏറ്റവും കൂടുതല്‍ അമേരിക്കയിൽ

കൊവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ലോകത്ത്‌ മൂന്നു ലക്ഷം കടന്നു. 3,00,385 പേരാണ് കൊവിഡ് മൂലം ലോകത്ത് ഇതുവരെ മരിച്ചത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. 85,463 പേരാണ് മരിച്ചത്. ഏപ്രിൽ 10നാണ്‌ ലോകത്ത്‌ മരണസംഖ്യ ലക്ഷം കടന്നത്‌.

തുടർന്ന്‌ 15 ദിവസംകൊണ്ട്‌ രണ്ടു ലക്ഷമായി. തുടർന്നുള്ള‌ 19 ദിവസംകൊണ്ടാണ്‌ മൂന്നു ലക്ഷം കവിഞ്ഞത്‌. മരണനിരക്കിൽ കാര്യമായ കുറവില്ല എന്നാണ് ഇത്‌ കാണിക്കുന്നത്‌. ലോകത്താകെ 45 ലക്ഷത്തോളമാളുകൾക്കാണ്‌ രോഗം ബാധിച്ചത്‌. ഇതിൽ 17 ലക്ഷത്തോളം ആളുകൾക്ക്‌ രോഗം മാറി.

അതേസമയം, അമേരിക്കയടക്കം ചില രാജ്യങ്ങൾ നിയന്ത്രണങ്ങളിൽ അയവുവരുത്തുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെയും (ഡബ്ല്യുഎച്ച്‌ഒ) വിവിധ രാജ്യങ്ങളിലെയും വിദഗ്ധർ അതിനെതിരെ മുന്നറിയിപ്പ്‌ നൽകി.

കൊവിഡ്‌ ഉടനെയൊന്നും ഇല്ലാതാകില്ലെന്നും അത്‌ ഏറെക്കാലം നമുക്കുചുറ്റും ഉണ്ടാകുമെന്നും ഡബ്ല്യുഎച്ച്‌ഒയുടെ ആരോഗ്യ അടിയന്തരകാര്യ മേധാവി മൈക്കേൽ റയാൻ മുന്നറിയിപ്പ്‌ നൽകി. വാക്‌സിൻ ഇല്ലാത്തിടത്തോളം പ്രതിരോധശേഷി കൈവരിക്കാൻ ലോകസമൂഹം വർഷങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ രാജ്യങ്ങളിൽ ഇപ്പോഴും പ്രതിദിന മരണസംഖ്യ കൂടിയും കുറഞ്ഞും നിൽക്കുകയാണ്‌. സ്‌പെയിനിൽ വ്യാഴാഴ്‌ച വർധിച്ചിട്ടുണ്ട്‌. ബ്രിട്ടനിൽ ആകെ മരണം 33000 കടന്നു. റഷ്യയിലും അതിവേഗം രോഗബാധിതരുടെ എണ്ണം പെരുകുകയാണ്‌.

രോഗം ആദ്യ കണ്ട ചൈനയിലെ വുഹാനിൽ രോഗം പൂർണമായും മാറിയശേഷം ചിലർക്ക്‌ കണ്ടതിനെത്തുടർന്ന്‌ നഗരത്തിലെ 1.1 കോടി ജനങ്ങളെയുടെയും രോഗപരിശോധന ബുധനാഴ്‌ച ആരംഭിച്ചിരുന്നു. ചൈനയിൽ 101 പേരാണ് നിലവി‌ൽ ചികിത്സയിലുള്ളത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News