രണ്ടുസര്‍ക്കാര്‍, രണ്ടുനയം, രണ്ടുസമീപനം; വ്യവസായ മേഖലയില്‍ 3434 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് കേരളം; കേന്ദ്രം നല്‍കുന്നത് വായ്പ മാത്രം

തിരുവനന്തപുരം: കോവിഡ്‌ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ വ്യവസായമേഖലയിൽ 3434 കോടി രൂപയുടെ ‘വ്യവസായ ഭദ്രത’ സഹായ പദ്ധതി പ്രഖ്യാപിച്ച്‌ സംസ്ഥാന സർക്കാർ.

സൂക്ഷ്മ,- ചെറുകിട,- ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങളുടെ പുനരുജ്ജീവനത്തിനുള്ള പ്രത്യേക പാക്കേജ്‌ അതിവേഗം നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായവകുപ്പുവഴിയാണ്‌ പാക്കേജ്‌. നിലവിൽ പ്രവർത്തിക്കുന്ന സൂക്ഷ്മ, -ചെറുകിട,- ഇടത്തരം സംരംഭങ്ങൾക്ക് നൽകുന്ന അധിക വായ്പയ്ക്ക് മാർജിൻ മണി സഹായവും പലിശ ഇളവും അനുവദിക്കും. പദ്ധതിക്ക്‌ ബുധനാഴ്‌ച മന്ത്രിസഭ അംഗീകാരം നൽകി.

കോവിഡ്‌ പശ്‌ചാത്തലത്തിൽ കേരളം സുരക്ഷിത നിക്ഷേപത്തിനുള്ള ഇടമായി മാറ്റുകയാണ്‌ ‘വ്യവസായ ഭദ്രത’യുടെ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

● കെഎസ്ഐഡിസിയും കിൻഫ്രയും വായ്പാ കുടിശ്ശികയ്ക്ക് ഒറ്റത്തവണ തീർപ്പാക്കൽ നടപ്പാക്കും

● സംരംഭങ്ങൾക്ക് വായ്പാ പലിശ തിരിച്ചടവിനുള്ള സമയം ആറുമാസത്തേക്ക് നീട്ടും

● വ്യവസായവകുപ്പിനു കീഴിലെ സ്റ്റാന്റേർഡ് ഡിസൈൻ ഫാക്ടറികളിൽ മൂന്നുമാസം വാടക ഒഴിവാക്കും

● വ്യവസായ പാർക്കുകളിലെ പൊതു സൗകര്യങ്ങൾ ഈടാക്കുന്ന വാടക മൂന്നുമാസത്തേക്ക് ഒഴിവാക്കും

● സൂക്ഷ്മ -ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് മൂലധനത്തിന് പ്രത്യേക വായ്പ

● കെഎസ്ഐഡിസിയുടെ വായ്പ ലഭിച്ചിട്ടുള്ള വ്യവസായങ്ങൾക്ക് പ്രവർത്തനമൂലധനത്തിനും ആസ്തി സൃഷ്ടിക്കുന്നതിനും പ്രത്യേക വായ്പ

●കെഎസ്ഐഡിസിയുടെ എല്ലാ ഓപ്പറേറ്റിങ് യൂണിറ്റുകൾക്കും പലിശയും മുതലും തിരിച്ചടയ്‌ക്കുന്നതിന് മൂന്നുമാസത്തെ മൊറട്ടോറിയം. മൊറട്ടോറിയത്തിനുശേഷം പിഴപ്പലിശയില്ലാതെ വായ്പ തിരിച്ചടയ്‌ക്കാം

● കെഎസ്ഐഡിസിയിൽനിന്ന് വായ്പയെടുത്ത സംരംഭകരുടെ പിഴപ്പലിശ ആറുമാസത്തേക്ക് പൂർണമായി ഒഴിവാക്കും

● എംഎസ്എംഇകൾക്ക് കെഎസ്ഐഡിസി 50 ലക്ഷത്തിനു മുകളിലുള്ള വായ്പ. നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് ഒരുകോടി രൂപയ്ക്കു മുകളിലുള്ള വായ്പമാത്രമേ അനുവദിക്കുന്നുള്ളൂ

● കെഎസ്ഐഡിസിയുടെയും കിൻഫ്രയുടെയും വ്യവസായപാർക്കുകളിൽ സ്ഥലം എടുക്കുന്ന സംരംഭകരുടെ തിരിച്ചടവ് കാലാവധി വർധിപ്പിക്കും. മുൻകൂർ അടയ്ക്കേണ്ട പാട്ടപ്രീമിയം കുറയ്ക്കും

●സ്ത്രീകൾക്കും പട്ടികജാതി–- വർഗക്കാർക്കും യുവസംരംഭകർക്കും പ്രത്യേക പരിഗണന നൽകി സംരംഭക സഹായപദ്ധതി നടപ്പാക്കും. ഇവർക്ക് 25 ശതമാനം മാർജിൻ മണി നൽകും

വായ്‌പ മാത്രം

അതിഥിത്തൊഴിലാളികളുടെ ദുരിതം “രാജ്യത്തിന്റെയാകെ ദുഃഖ’മാണെന്ന്‌ വിശേഷിപ്പിച്ച്‌ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത്‌ പാക്കേജിന്റെ രണ്ടാംഘട്ടത്തില്‍ സൗജന്യപദ്ധതികള്‍ നാമമാത്രം.

രണ്ടുമാസം സൗജന്യറേഷൻ നൽകുമെന്നതൊഴിച്ചാൽ അതിഥിത്തൊഴിലാളികൾക്കായി ആശ്വാസപദ്ധതിയില്ല. രാജ്യത്തിന്റെ പലഭാ​ഗത്തായ് അകപ്പെട്ടവര്‍ക്ക് എങ്ങനെ റേഷന്‍ സൗജന്യമായ് എത്തിക്കുമെന്ന് വ്യക്തമല്ല. രണ്ടാംഘട്ട പ്രഖ്യാപനങ്ങളില്‍ കേന്ദ്ര സർക്കാരിന് നേരിട്ട് ചെലവ് വരുന്നത് 10,000 കോടിയില്‍ താഴെമാത്രം.

ബാക്കിയെല്ലാം ബാങ്ക് വഴി വായ്പ ലഭ്യമാക്കലോ, പലിശക്രമീകരണമോ നിലവിലുള്ള പദ്ധതികളുടെ ആവര്‍ത്തനമോ മാത്രം. അതിഥിത്തൊഴിലാളികളുടെ കൃത്യമായ എണ്ണംപോലും കേന്ദ്രത്തിന്റെ കൈവശമില്ല. എട്ടുകോടി പേരുണ്ടെന്ന്‌ കരുതുന്നതായി മന്ത്രി പറഞ്ഞു. തൊഴില്‍ നിയമപരിഷ്കാരങ്ങള്‍ രാജ്യത്തിന് ​ഗുണകരമാണെന്നും അതുമായ് മുന്നോട്ടുപോകുമന്നും മന്ത്രി പറഞ്ഞു.

● 2.5 കോടി കർഷകർക്ക്‌ കിസാൻ ക്രെഡിറ്റ്‌ കാർഡുവഴി കുറഞ്ഞ പലിശയിൽ രണ്ട്‌ ലക്ഷം കോടി രൂപയുടെ വായ്‌പ. മത്സ്യത്തൊഴിലാളികൾ, ക്ഷീരകർഷകർ എന്നിവർക്കും പ്രയോജനം ലഭിക്കും.

● ഭക്ഷ്യസുരക്ഷാ പദ്ധതിയിൽ അംഗമല്ലാത്തവരടക്കം എല്ലാ അതിഥിത്തൊഴിലാളികൾക്കും രണ്ട്‌ മാസത്തേക്ക്‌ അഞ്ച്‌ കിലോവീതം ഭക്ഷ്യധാന്യവും ഒരു കിലോവീതം കടലയും നൽകും. ഇതിന്‌ വേണ്ടിവരുന്ന 3500 കോടി രൂപ കേന്ദ്രം വഹിക്കും. അർഹരെ കണ്ടെത്തി ഭക്ഷ്യധാന്യം വിതരണം ചെയ്യേണ്ടത്‌ സംസ്ഥാനങ്ങളുടെ ചുമതല.

● ഒരു രാജ്യം ഒരു റേഷൻ കാർഡ്‌ സംവിധാനം 2021 മാർച്ചിൽ പൂർണമായി നടപ്പാക്കും.

● അതിഥിത്തൊഴിലാളികൾക്കും നഗരങ്ങളിലെ ദരിദ്രർക്കും കുറഞ്ഞ വാടകയിൽ താമസസൗകര്യം ലഭ്യമാക്കും.

●അമ്പതിനായിരം രൂപവരെയുള്ള മുദ്രശിശു വായ്‌പ എടുത്തവർക്ക്‌ 12 മാസത്തേക്ക്‌ രണ്ട്‌ ശതമാനം പലിശയിളവ്‌. 1500 കോടി രൂപയുടെ ആശ്വാസം ഇതുവഴി ലഭ്യമാക്കും.

● 50 ലക്ഷം തെരുവുകച്ചവടക്കാർക്ക്‌ 10,000 രൂപവരെ വായ്‌പ.

● ഇടത്തരക്കാരുടെ (ആറുമുതൽ 18 ലക്ഷംവരെ വാർഷിക വരുമാനം) ഭവനവായ്‌പകൾക്ക്‌ സബ്‌സിഡി പദ്ധതി. ഇതുവഴി 70,000 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. രണ്ടര കോടി പേർക്ക്‌ പ്രയോജനം ഉണ്ടായേക്കും.

● ആദിവാസികൾക്ക്‌ തൊഴിൽ ലഭ്യമാക്കാൻ 6000 കോടി രൂപയുടെ പദ്ധതി.

● കർഷകർക്ക്‌ നബാർഡുവഴി 30,000 കോടി വായ്‌പ.

● മൂന്നു കോടി കർഷകർ എടുത്ത 4.22 ലക്ഷം കോടിയുടെ വായ്‌പകളുടെ തിരിച്ചടവിന്‌ മൂന്നുമാസം അവധി. കൃത്യമായി തിരിച്ചടയ്‌ക്കുന്നവർക്ക്‌ നൽകിയ പലിശയിളവ്‌ ആനുകൂല്യം മെയ്‌ 31 വരെ നീട്ടി.

● കാർഷികോൽപ്പന്നങ്ങൾ സംഭരിക്കാൻ സംസ്ഥാന സർക്കാർ ഏജൻസികൾക്ക്‌ 2020 മാർച്ചുമുതൽ 6700 കോടി രൂപ പ്രവർത്തനമൂലധനം.

രണ്ടു നയം; രണ്ടു സമീപനം

കോവിഡ്‌ മഹാമാരി കാലത്ത്‌ ജനതയെ ചേർത്തുപിടിക്കുന്നതിന്റെ രണ്ടുതരം കാഴ്‌ചയാണിത്‌. ദുരിതത്തിലാണ്ട ജനത്തിന്‌ നേരിട്ട്‌ പണമെത്തിച്ചാണ്‌ സംസ്ഥാനം ഒപ്പംചേർത്തത്‌. കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച കേന്ദ്രപദ്ധതിയിൽ‌ വായ്‌പകൾ മാത്രം.

ഇതിനകം പ്രഖ്യാപിച്ച 10 ലക്ഷം കോടിയുടെ വാഗ്‌ദാനങ്ങളിൽ കേന്ദ്രത്തിനു ചെലവാകുക 40,000 കോടി രൂപയിൽ താഴെ. നാടുപിടിക്കാനോടുന്ന അതിഥിത്തൊഴിലാളിക്കു പോലും നേരിട്ട്‌ സഹായമില്ല. തൊഴിലുറപ്പുപദ്ധതിയുടെ കുടിശ്ശിക തീർക്കുന്നില്ല. കർഷക വായ്‌പയ്‌ക്ക്‌‌ മൊറട്ടോറിയവുമില്ല. പലിശ ഇളവുമില്ല.

അതേസമയം, കേരളം പ്രഖ്യാപിച്ച വ്യവസായഭദ്രതാ പദ്ധതിയിൽ വാടക ഒഴിവാക്കി, വായ്‌പയ്‌ക്ക്‌ മൊറട്ടോറിയം നൽകി, പിഴപ്പലിശയും ഒഴിവാക്കി. ഇതിനുപുറമെ മാർജിൻ മണി സഹായവും പലിശ ഇളവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News