25 ലക്ഷം കോഴ വാങ്ങിയ കേസിൽ വിജിലൻസിന്‌ തെളിവുകൾ ലഭിച്ചു; കെ എം ഷാജിക്കൊപ്പം മുൻ മാനേജരും പ്രതിയാകും

അഴീക്കോട്‌ ഹൈസ്‌‌കൂൾ മാനേജ്‌മെന്റിൽനിന്ന്‌ കെ എം ഷാജി എംഎൽഎ കോഴ വാങ്ങിയ കേസിൽ വിജിലൻസിന്‌ തെളിവുകൾ ലഭിച്ചു. 2014-ൽ സ്‌കൂളിന്‌ പ്ലസ്‌ടു കോഴ്‌സ്‌ അനുവദിച്ചതിന്റെ മറവിൽ 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ്‌ കേസ്‌‌. കോഴ നൽകിയ സ്‌കൂൾ മുൻ മാനേജർ പി വി പത്മനാഭനും കേസിൽ പ്രതിയാകും.

സിപിഐ എം കണ്ണൂർ ഏരിയാ കമ്മിറ്റി അംഗവും ബ്ലോക്ക്‌ പഞ്ചായത്ത്‌‌ പ്രസിഡന്റുമായ കുടുവൻ പത്മനാഭന്റെ പരാതിയിൽ ഏപ്രിൽ 18നാണ്‌ കണ്ണൂർ വിജിലൻസ് ഡിവൈഎസ്‌പി വി മധുസൂദനൻ കേസെടുത്ത്‌ അന്വേഷണമാരംഭിച്ചത്‌.

മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പ്രാഥാമികന്വേഷണം നടത്തിയ വിജിലൻസ്,‌ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയിരുന്നു. തുടർന്നാണ്‌ കേസെടുത്ത്‌ വിശദമായ അന്വേഷണം നടത്താൻ സർക്കാർ അനുമതി നൽകിയത്‌. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ്‌ കേസ്‌.

പരാതിക്കാരനായ കുടുവൻ പത്മനാഭൻ, ഷാജിക്കെതിരെ തെളിവുസഹിതം ആദ്യം രംഗത്തുവന്ന മുസ്ലിംലീഗ്‌ പ്രവർത്തകൻ നൗഷാദ്‌ പൂതപ്പാറ എന്നിവരിൽനിന്ന്‌ വ്യാഴാഴ്‌ച ഡിവൈഎസ്‌പി മൊഴിയെടുത്തു. പരാതിയിൽ ഉറച്ചുനിന്ന ഇരുവരും തങ്ങളുടെപക്കലുള്ള രേഖകളും അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ കൈമാറി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here