ലോക്ഡൗണ്‍ ലംഘിച്ച് ആംബുലന്‍സില്‍ ആളെക്കടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണം: എം വി ജയരാജന്‍

കണ്ണൂര്‍: കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് ആംബുലന്‍സില്‍ ആളെക്കടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ആവശ്യപ്പെട്ടു.

നിയമം ലംഘിച്ച് ആളെക്കടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി പൊലിസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാടെ ലംഘിച്ച് ഇതര സംസ്ഥാനത്ത് നിന്നുള്ള പ്രവര്‍ത്തകരെ കേരളത്തിലേക്ക് എത്തിച്ചതായി കോണ്‍ഗ്രസ് എംപി കെ സുധാകരന്റെ അടുത്ത അനുയായിയായ കണ്ണൂര്‍ മട്ടന്നൂരിലെ പ്രാദേശിക നേതാവ് നവീന്‍ കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇയാള്‍ ആളുകളെ നാട്ടിലെത്തിക്കാനായി ആംബുലന്‍സില്‍ കയറ്റുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസി പുറത്തുവിട്ടിരുന്നു.

കെ സുധാകരന്‍ എംപിയുടെ നിര്‍ദേശ പ്രകാരമാണ് ഈ മനുഷ്യക്കടത്ത്. വാളയാറില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് വ്യാജപ്രചാരണങ്ങള്‍ നടത്തി വാളയാറില്‍ ആളുകളെ സംഘടിപ്പിച്ച് പ്രതിഷേധം നടത്തിയ കോണ്‍ഗ്രസ് ജനപ്രതിനിധികളോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചതിന് പിന്നാലെയാണ് കണ്ണൂരിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികള്‍ തന്നെ നേതൃത്വം നല്‍കുന്നത്.

സംസ്ഥാനമൊന്നാകെ മഹാമാരിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഒന്നിച്ച് നില്‍ക്കുമ്പോള്‍ സംസ്ഥാന വ്യാപകമായി ഈ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ നടക്കുന്ന ശ്രമങ്ങളുടെ കൂടുതല്‍ തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News