കോട്ടയം: കോണ്‍ഗ്രസ് ഏര്‍പ്പാടാക്കിയ ബസില്‍ ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട വിദ്യാര്‍ഥികളെ വഴിയില്‍ ഇറക്കിവിട്ടതായി പരാതി. അന്തര്‍ജില്ലാ യാത്രാ പാസിനായി ബസില്‍ വന്ന യുവാക്കള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇവര്‍ ക്വാറന്റൈനിലായി, സംഭവം ദുരൂഹമെന്ന് പൊലീസ്.
വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെത്തിയ അടൂര്‍ സ്വദേശി വിനോദ് (21), ആലപ്പുഴ കൈനകരി സ്വദേശി ജീവന്‍ (20) എന്നിവരാണ് പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാനാവാതെ ഒടുവില്‍ ഹോട്ടലില്‍ നിരീക്ഷണത്തിലായത്. സ്വകാര്യ ടൂറിസ്റ്റ് ബസില്‍ കുമളിയില്‍ നിന്നെത്തിയെന്നും ഇനി എറണാകുളത്തിന് പോകണമെന്നുമാണ് യുവാക്കള്‍ പൊലീസിനോട് പറഞ്ഞത്.
ബംഗളൂരുവില്‍നിന്ന് തങ്ങളെ ബസില്‍ കയറ്റിവിട്ടത് ചില ഉന്നത കോണ്‍ഗ്രസ് നേതാക്കളാണെന്നും കോട്ടയത്ത് ഇറക്കിവിട്ട കെഎല്‍ 56 എച്ച് 3232 ബസ് എറണാകുളത്തേക്ക് വിട്ടുപോയെന്നും ഇവര്‍ പറഞ്ഞു. കെപിസിസി ഏര്‍പ്പാടാക്കിയ ബസാണെന്ന് ഡ്രൈവറും ക്ലീനറും പറഞ്ഞു. ഇതനുസരിച്ച് ബസ് ഡ്രൈവറെ ബന്ധപ്പെട്ട പൊലീസ് ബസ് തിരികെ കോട്ടയം ജില്ലാ അതിര്‍ത്തിയിലേക്ക് (തലയോലപ്പറമ്പ്) കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
ബസ് സംസ്ഥാനാന്തര യാത്ര നടത്തിയത് അധികൃതരുടെ അനുമതിയില്ലാതെയാണെന്നാണ് പൊലീസ് നിഗമനം. അതേസമയം യുവാക്കളെ ജില്ലാ പൊലീസ് ആസ്ഥാനത്ത് നിന്നുള്ള നിര്‍ദ്ദേശപ്രകാരം റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള മാലി ഹോട്ടലില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനും സംഭവം സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനും തീരുമാനിച്ചതായി സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.