ജൂണിലും ഇടുക്കിയിലെ വൈദ്യുതോൽപ്പാദനം കൂട്ടാൻ കെഎസ്‌ഇബി; നീരൊഴുക്ക്‌ കൂടിയാലും ഡാമുകൾ തുറന്നുവിടേണ്ടിവരില്ല

കാലവർഷം തുടങ്ങുന്ന ജൂണിലും ഇടുക്കിയിലെ വൈദ്യുതോൽപ്പാദനം കൂട്ടാൻ കെഎസ്‌ഇബി. സാധാരണഗതിയിൽ ഇക്കാലയളവിൽ ഉൽപ്പാദനം കുറയ്‌ക്കുകയാണ്‌ ചെയ്‌തിരുന്നത്‌. എന്നാൽ, അതിവർഷമടക്കമുള്ള സാഹചര്യങ്ങളെ നേരിടുന്നതിന്റെ ഭാഗമായി അണക്കെട്ടിലെ ജലനിരപ്പ്‌ നിയന്ത്രിക്കാനാണ്‌ ഉൽപ്പാദനം ഉയർത്തുന്നത്‌.

ജൂൺ അഞ്ചിന്‌ സംസ്ഥാനത്ത്‌ കാലവർഷം ആരംഭിക്കുമെന്നാണ്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്‌. പ്രതിദിനം മൂന്ന്‌ ദശലക്ഷം യൂണിറ്റാണ്‌ ഇടുക്കിയിൽ സാധാരണ വർഷകാലത്ത്‌ ഉൽപ്പാദിപ്പിക്കാറുള്ളത്‌. എന്നാൽ, ഇത്തവണ ഇതിനേക്കാൾ കൂട്ടാനാണ്‌ തീരുമാനം. നിലവിൽ മൂന്ന്‌ ജനറേറ്റർ ഉപയോഗിച്ച്‌ എട്ടര ദശലക്ഷം യൂണിറ്റ്‌ ഇടുക്കിയിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്‌.

കഴിഞ്ഞ വർഷത്തേക്കാൾ അണക്കെട്ടിൽ വെള്ളം കൂടുതലുള്ള സാഹചര്യത്തിലാണ്‌ ഈ അളവിൽ ഉൽപ്പാദനം ഉയർത്തിയത്‌. ലോക്ക്‌ഡൗൺ കാരണം വൈദ്യുതി ഉപയോഗം ഇടിഞ്ഞതിനാൽ ഉൽപ്പാദനം നാല്‌ ദശലക്ഷം യൂണിറ്റായി കുറച്ചിരുന്നു. ഇതാണ്‌ മുൻവർഷത്തേക്കാൾ ഇത്തവണ ജലനിരപ്പ്‌ കൂടാനുണ്ടായ കാരണം.

തുടർന്ന്‌, ജലനിരപ്പ്‌ ക്രമീകരിക്കാൻ ഉൽപ്പാദനം കൂട്ടുകയും എട്ടരദശലക്ഷം യൂണിറ്റിലേക്ക്‌ വർധിപ്പിക്കുകയും ചെയ്‌തു. കൂടിയ അളവിലുള്ള ഉൽപ്പാദനം ജൂണിലും തുടരും. മഴയുടെ ലഭ്യതയെത്തുടർന്ന്‌ ജലനിരപ്പിലുണ്ടാകുന്ന ഏറ്റക്കുറച്ചിലിനെ അടിസ്ഥാനമാക്കി തുടർന്നുള്ള ഉൽപ്പാദനത്തിൽ മാറ്റം വരുത്തും.

മൂന്ന്‌ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്‌. നവീകരണം പൂർത്തിയാക്കിയ ഒരു ജനറേറ്റർ ടെസ്‌റ്റ്‌ ചെയ്യാൻ ചൈനയിൽനിന്ന്‌ വിദഗ്‌ധർ വരണം. മറ്റൊന്നിന്റെ തകരാർ പരിഹരിക്കാൻ തമിഴ്‌നാട്ടിൽ നിന്നുള്ള വിദഗ്‌ധരും. മൂന്നാമത്തേതും തകരാറിലാണ്‌. ലോക്ക്‌ഡൗൺ കാരണം വിദഗ്‌ധർക്ക്‌ ഇവിടേക്ക്‌ വരാൻ കഴിയാത്തതാണ്‌ പ്രശ്‌നപരിഹാരം നീളുന്നത്‌.

എന്നാൽ, ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന്‌ കെഎസ്‌ഇബി വ്യക്തമാക്കി. നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച്‌ ഉൽപ്പാദനത്തിൽ ഫലപ്രദമായ ക്രമീകരണങ്ങൾ വരുത്താൻ കഴിയും. 2403 അടിയാണ്‌ ഇടുക്കിയിലെ പരമാവധി ജലനിരപ്പ്‌. ഇപ്പോൾ 2344.98 അടിയാണുള്ളത്‌.

സംസ്ഥാനത്ത്‌ 50 ശതമാനത്തിലധികം മഴ ലഭിച്ച്‌ ഡാമുകളിലേക്കുള്ള നീരൊഴുക്ക്‌ കൂടിയാൽപ്പോലും കെഎസ്‌ഇബിക്ക്‌ കീഴിലെ ഡാമുകൾ തുറന്നുവിടേണ്ടിവരില്ല. ഉൽപ്പാദനം കൂട്ടിയും ജലനിരപ്പ്‌ നിയന്ത്രിച്ചും ഡാമുകൾ തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാകും. അസാധാരണ സ്ഥിതിവിശേഷമുണ്ടായാൽ മാത്രമേ ഡാമുകൾ തുറക്കേണ്ടിവരൂ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here