ശതകോടിക്കണക്കിന് ഡോളറിന്റെ അമേരിക്കൻ പെൻഷൻ ഫണ്ട് നിക്ഷേപങ്ങൾ ചൈനയിൽനിന്ന് പിൻവലിക്കുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമാനമായ മറ്റ് നടപടികളും പരിഗണനയിലാണെന്ന് ട്രംപ് ഫോക്‌സ് ബിസിനസ് ന്യൂസ് അഭിമുഖത്തിൽ പറഞ്ഞു.
അമേരിക്കയിൽ കോവിഡ് ബാധിച്ചുള്ള മരണം ലക്ഷത്തോടടുക്കുന്നത് നവംബറിലെ തെരഞ്ഞെടുപ്പിൽ തന്റെ തോൽവിക്കിടയാക്കുമെന്ന് ഭയക്കുന്ന ട്രംപ് ചൈനയ്‌ക്കെതിരെ പ്രചാരണം തീവ്രമാക്കിയിരിക്കുകയാണ്. അഭിമുഖത്തിൽ മുൻ പ്രസിഡന്റ് ബറാക് ഒബാമയേയും ആക്രമിച്ച ട്രംപ്, തന്റെ എതിർസ്ഥാനാർഥിയാവുന്ന ബൈഡനെ ‘ഉറക്കംതൂങ്ങി’ എന്ന് ആക്ഷേപിച്ചു.
ചൈനയുമായി ജനുവരിയിലുണ്ടാക്കിയ ഒന്നാംഘട്ട വ്യാപാര കരാർ പരിഷ്‌കരിക്കില്ലെന്ന് ട്രംപ് പറഞ്ഞു. ന്യൂയോർക് സ്‌റ്റോക് എക്‌സ്‌ചേഞ്ചിലും നാസ്‌ഡാക്കിലും ലിസ്‌റ്റ് ചെയ്‌തിട്ടുള്ള ചൈനീസ് കമ്പനികൾക്ക് അമേരിക്കൻ കമ്പനികൾക്ക് ബാധകമായ ഉപാധികൾ നിർബന്ധമാക്കുമോ എന്ന ചോദ്യത്തിന് താൻ വലിയ കർക്കശക്കാരനാണെങ്കിലും അങ്ങനെ ചെയ്‌താൽ അവ മറ്റ് രാജ്യങ്ങളിലേക്ക് പോവും എന്നായിരുന്നു പ്രതികരണം.
ചൈനാ പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി തനിക്ക് വളരെ നല്ല ബന്ധമുണ്ടെങ്കിലും ഇപ്പോൾ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. താൻ പറയുന്ന പല കാര്യങ്ങളും ശരിയായി വരുന്നതായി പറഞ്ഞ ട്രംപ് അമേരിക്കയ്‌ക്ക് പലതും ചെയ്യാനാവും എന്നും അവകാശപ്പെട്ടു. മൊത്തം ബന്ധം വിച്ഛേദിക്കാനാവും. ചൈന മാത്രമല്ല അമേരിക്കയെ ചൂഷണം ചെയ്യുന്നത് എന്ന് പറഞ്ഞ ട്രംപ് നാറ്റോയേയും വിമർശിച്ചു.
ഇതേസമയം ട്രംപിനെ രക്ഷിക്കാനുള്ള റിപ്പബ്ലിക്കൻ തന്ത്രത്തിന്റെ ഭാഗമായി സെനറ്റർ തോം ടില്ലിസ് ചൈനയ്‌ക്കെതിരെ 18 ഇന പദ്ധതി അവതരിപ്പിച്ചു.
ചൈനയിൽനിന്ന് ഉൽപ്പാദന ശൃംഖല മാറ്റുക, ഇന്ത്യ, തൈവാൻ തുടങ്ങിയവയുമായി സൈനിക–തന്ത്രപര ബന്ധം കൂടുതൽ ആഴമുള്ളതാക്കുക, സൈന്യത്തെ പുനർനിർമിക്കാൻ ജപ്പാനെ പ്രോത്സാഹിപ്പിക്കുക, ജപ്പാനും ദക്ഷിണ കൊറിയക്കും അമേരിക്കൻ ആയുധവിൽപ്പന വർധിപ്പിക്കുക തുടങ്ങിയവയാണ് നിർദേശങ്ങൾ.
നിർമാണകേന്ദ്രങ്ങൾ ചൈനയിൽനിന്ന് മാറ്റുന്ന ബഹുരാഷ്‌ട്ര കമ്പനികൾ അമേരിക്കയെ തഴയുന്നതിനെതിരെ ഭീഷണിയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയെ പരിഗണിക്കാതെ മറ്റ് രാജ്യങ്ങളിലേക്ക് പോയാൽ അധികനികുതി ചുമത്തുമെന്നാണ് ഭീഷണി. ബഹുരാഷ്‌ട്ര കമ്പനികളെ തിരിച്ചുകൊണ്ടുവരാനാണിതെന്നാണ് ട്രംപിന്റെ ന്യായം. ഫോക്സ് ബിസിനസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഭീഷണി.
നിർമാണ കേന്ദ്രം ഇന്ത്യ, അയർലൻഡ് എന്നീ രാജ്യങ്ങളിലേക്ക് മാറ്റാൻ ആലോചിക്കുന്നതായി ‘ആപ്പിൾ’ നേരത്തേ അറിയിച്ചിരുന്നു. കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തിൽ ചൈനയിലെ വിതരണം പ്രശ്‌നമായ ഘട്ടത്തിലായിരുന്നു പ്രസ്‌താവന.
Get real time update about this post categories directly on your device, subscribe now.