വിദ്യാര്‍ഥികളെ വീടുകളില്‍ എത്തിക്കാതെ നടുറോഡില്‍ ഇറക്കിവിട്ട സംഭവം: തലയൂരി കോണ്‍ഗ്രസ് നേതാക്കള്‍

കോട്ടയം: വീടുകളിലെത്തിക്കാമെന്ന് ഉറപ്പ് നല്‍കി കെപിസിസി ഏര്‍പ്പാടാക്കിയ വാഹനത്തില്‍ ബംഗളുരുവില്‍ നിന്ന് കൊണ്ടുവന്ന വിദ്യാര്‍ഥികളെ വീടുകളില്‍ എത്തിക്കാതെ നടുറോഡില്‍ ഇറക്കിവിട്ട സംഭവത്തില്‍ നിന്ന് തലയൂരി കോണ്‍ഗ്രസ് നേതാക്കള്‍.

ബാംഗ്ലൂരില്‍ നിന്ന് കുമളിവരെ മാത്രമെ ബസ് ഏര്‍പ്പാട് ചെയ്തിട്ടുള്ളൂവെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. സര്‍ക്കാരിന്റെയും കര്‍ശന നിര്‍ദേശങ്ങളും നിബന്ധനകളും പരസ്യമായി ലംഘിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്.

കെപിസിസി ഏര്‍പ്പാടാക്കിയ ടൂറിസ്റ്റ് ബസില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലയിലുള്ള പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളെയാണ്് വെള്ളിയാഴ്ച രാത്രി വിവിധയിടങ്ങളില്‍ ഇറക്കിവിട്ടത്. വീടുകളിലെത്തിക്കാമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയ 25ഓളം പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

എന്നാല്‍ വീടുകളിലെ സ്വന്തം നാട്ടിലോ ഇറക്കാതെ പെരുവഴിയില്‍് ഇറക്കിവിട്ട രണ്ടുപേര്‍ അന്തര്‍ജില്ലാ യാത്രാ പാസിനായി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ചുള്ള യാത്രാവിവരങ്ങള്‍ പുറത്തായത്. സംഭവം വിവാദമായതോടെയാണ് ബാംഗ്ലൂരിന്‍ നിന്നും കുമളി വരെ മാത്രമേ ബസ് ഏര്‍പ്പാടാക്കിയിരുന്നുള്ളു എന്ന പ്രതികരണമായി കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്.

നടുറോഡില്‍ ഇറക്കിവിട്ട രണ്ടുപേരെ കോട്ടയത്തെ ക്വാറന്റയിന്‍ കേന്ദ്രത്തിലാക്കിയിട്ടുണ്ട്. അഞ്ചോളം വാഹനങ്ങളില്‍ യാത്രക്കാരെ കുമളിയിലെത്തിച്ചിരുന്നത്. സംഭവത്തില്‍ സിപിഐ(എം) ഏരിയാ കമ്മിറ്റി കളക്ടര്‍ക്കും ഡിവൈഎഫ് ജില്ലാ കമ്മിറ്റി ഡിജിപിക്കും പരാതി കൈമാറി

സാധാരണ നിയമാനുസൃതം ചെക്ക്പോസ്റ്റില്‍ എത്തുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ അതാതിടങ്ങളില്‍ കൈമാറി ക്വാറന്റയിനിലാക്കാന്‍ പഴുതടച്ചുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമ്പോഴാണ് രോഗവ്യാപനത്തിന് ചിലര്‍ ശ്രമിക്കുന്നത്.

നിരവധിപേരെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കുമളി ചെക്ക് പോസ്റ്റില്‍ എത്തിച്ചശേഷം കോണ്‍ഗ്രസ് നേതൃത്വം കൈയൊഴിഞ്ഞതായി പരാതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel