പൊലീസിന്റെ കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തി; ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍

എരുമപ്പെട്ടി: അവശ്യ വസ്തുക്കളുമായെത്തിയ വാഹനങ്ങള്‍ തടഞ്ഞ ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ലംഘിച്ച് വാഹനങ്ങള്‍ നിരത്തിലിറക്കി എന്നാരോപിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞത്.

കടങ്ങോട് പഞ്ചായത്തിലെ ബെസ്റ്റ് ക്രഷര്‍ യൂണിറ്റില്‍ നിന്നെത്തിയ മെറ്റല്‍ നിറച്ച വാഹനങ്ങള്‍ മുക്കില പീടിക ജംഗ്ഷനിലാണ് തടഞ്ഞത്. പോലീസിനേയും ഇവര്‍ വിവരമറിയിച്ചിരുന്നു. എന്നാല്‍ ക്രഷറുകളുടേയും ടാര്‍ മിക്‌സിംഗ് യൂനിറ്റുകളുടേയും പ്രവര്‍ത്തനം അവശ്യ സര്‍വ്വീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ക്രഷറുകളെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍
നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും ബി ജെ പി പ്രവര്‍ത്തകരെ പോലീസ് അറിയിച്ചു.

വാഹനങ്ങള്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യം തള്ളിയതോടെയാണ് പോലീസ് നടപടിയിലേക്ക് നീങ്ങിയത്.  മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചതിനും പോലീസിന്റെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്.

ബി.ജെ.പി കടങ്ങോട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കടങ്ങോട് കാളിയമാക്കില്‍ വീട്ടില്‍ അഭിലാഷ്, യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രഞ്ജിത്ത്, കടങ്ങോട് തലപ്പിള്ളി വീട്ടില്‍ അഭിനിഷ്, വെള്ളറക്കാട് മേലേപുരയ്ക്കല്‍ വീട്ടില്‍ ധനീഷ്, കടങ്ങോട് കളിയാമാക്കില്‍ വീട്ടില്‍ കൃഷ്ണദാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

എരുമപ്പെട്ടി എസ്.ഐ  പി.ആര്‍ രാജീവിന്റെ നേതൃത്വത്തില്‍ എരുമപ്പെട്ടി, കുന്നംകുളം സ്റ്റേഷനുകളില്‍ നിന്ന് പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News