തന്ത്രപ്രധാനമേഖലയില്‍ നാല് പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രം; സര്‍വ മേഖലയിലും സ്വകാര്യവല്‍ക്കരണം

രാജ്യത്തെ സർവമേഖലയും സ്വകാര്യവൽക്കരിക്കാൻ കേന്ദ്രപദ്ധതി. പൊതുമേഖലസ്ഥാപനങ്ങൾ പൂർണമായും സ്വകാര്യമേഖലയ്‌ക്ക്‌ തുറന്നിട്ട്‌ ഉത്തേജനപാക്കേജിന്റെ അഞ്ചാംഘട്ടം ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.

തന്ത്രപ്രധാന മേഖലയിൽ ഇനി പരമാവധി നാല് പൊതുമേഖല സ്ഥാപനങ്ങൾ (പിഎസ്‌യു) മാത്രം. ബാക്കി സ്വകാര്യവൽക്കരിക്കുകയോ ഹോൾഡിങ്‌ കമ്പനികളുടെ കീഴിലാക്കുകയോ ചെയ്യും. ഇതിനായി പുതിയ പൊതുമേഖലാ നയം ഉടൻ.

കടമെടുപ്പ് പരിധി

സംസ്ഥാനങ്ങളുടെ കടമെടുപ്പ്‌ പരിധി ഉപാധികളോടെ ഉയർത്തി. മൊത്തം ആഭ്യന്തര വരുമാനത്തിന്റെ അഞ്ചുശതമാനം വരെ കടമെടുക്കാം. നിലവിൽ മൂന്ന്‌ ശതമാനമാണ്‌ പരിധി. ഇനിമുതൽ മൂന്നര ശതമാനംവരെയുള്ള കടമെടുപ്പിന്‌ ഉപാധികളില്ല.

അടുത്ത ഒരു ശതമാനം വായ്‌പ നാല്‌ മേഖലയിലെ പരിഷ്‌കാരം നടപ്പാക്കുന്നതുമായി ബന്ധപ്പെടുത്തി 0.25 ശതമാനം വീതമുള്ള നാല്‌ ഘട്ടമായി എടുക്കാം.

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി‌, വൈദ്യുതി വിതരണരംഗത്തെ പരിഷ്‌കാരം, നഗരതദ്ദേശസ്ഥാപനങ്ങളുടെ വരുമാനം, വ്യവസായ നടപടിക്രമങ്ങൾലഘൂകരിക്കൽ‌ എന്നീ നാലു മേഖലയിൽ മൂന്നെണ്ണത്തിൽ ലക്ഷ്യം കൈവരിച്ചാൽ ബാക്കി അര ശതമാനം വായ്‌പയ്‌ക്കും‌ അനുമതി ലഭിക്കും. ഇതുവഴി സംസ്ഥാനങ്ങൾക്ക്‌ 4.28 ലക്ഷം കോടി രൂപയുടെ അധികസമ്പത്ത്‌ ലഭ്യമാകുമെന്ന്‌ മന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങളുടെ കടമെടുപ്പ്‌ പരിധി ഉയർത്തണമെന്നത്‌ കേരളം നിരന്തരം ഉന്നയിച്ച ആവശ്യമായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ കൂടുതൽ തുക ചെലവിടുമെന്ന്‌ പ്രഖ്യാപിച്ചെങ്കിലും തുക വ്യക്തമാക്കിയില്ല.

കോർപറേറ്റ്‌ മേഖല

രാജ്യത്തെ പൊതുമേഖല കമ്പനികൾക്ക്‌ വിദേശത്തെ ഓഹരിവിപണികളിൽ വ്യാപാരം‌ നടത്താം. ഓഹരിവിപണികളിൽ നോൺ കൺവെർട്ടബിൾ ഡിബഞ്ചേഴ്‌സ്‌(എൻസിഡി) അവതരിപ്പിക്കുന്ന സ്വകാര്യകമ്പനികളെ ലിസ്‌റ്റഡ്‌ കമ്പനികളായി പരിഗണിക്കില്ല.

പാപ്പർ നടപടി ആരംഭിക്കാനുള്ള കുറഞ്ഞ പരിധി ഒരു ലക്ഷത്തിൽനിന്ന്‌ ഒരു കോടിയായി ഉയർത്തി. പാപ്പർ നടപടികൾ ഒരു വർഷത്തേക്ക്‌ നിർത്തിവയ്‌ക്കും. ചെറുകിട കമ്പനികൾ, സ്‌റ്റാർട്ട്‌അപ്പുകൾ, ഒരാൾ നടത്തുന്ന കമ്പനികൾ എന്നിവയ്‌ക്ക്‌ കുറഞ്ഞ പിഴ.

കോവിഡുമായി ബന്ധപ്പെട്ടുവരുന്ന കടങ്ങൾ ‘കുടിശ്ശിക’യായി പരിഗണിക്കുന്നതിൽനിന്ന്‌ ഒഴിവാക്കും. കമ്പനിനിയമലംഘനത്തിനുള്ള ശിക്ഷകൾ ലഘൂകരിക്കും. നടപടികൾ ലളിതമാക്കും. കോടതി വ്യവഹാരങ്ങൾ പരമാവധി കുറയ്‌ക്കും.

തൊഴിലുറപ്പ്‌ പദ്ധതി

തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ 40,000 കോടി കൂടി. മൊത്തം 300 കോടി തൊഴിൽദിനം സൃഷ്ടിക്കും. മടങ്ങിവരുന്ന തൊഴിലാളികൾക്ക്‌ മൺസൂൺ കാലത്തും ജോലി ലഭിക്കും. ഗ്രാമീണ സമ്പദ്‌ഘടനയ്‌ക്ക്‌ ഉത്തേജനം നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News