പ്രവാസിയുടെ വീടിന് നേരെ ആക്രമണം; നാല് വയസ് കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

തൃശൂർ കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പിൽ വീടിന് നേരെ ആക്രമണം. പ്രവാസിയായ പൈറ്റാംകുന്നത്ത് സുരേന്ദ്രൻ്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

ഞായറാഴ്ച പുലർച്ചെ 1.15 ഓടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ വീടിൻ്റെ ജനൽ ചില്ലുകൾ തകർന്ന നിലയിലാണ്.

ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ മൂന്ന് പേരാണ് കല്ലേറ് നടത്തിയത്. വീട്ടുകാർ ഉണർന്ന് ബഹളം വെച്ചെങ്കിലും അക്രമികൾ കല്ലേറ് തുടരുകയായിരുന്നു. വീട്ടുകാരുടെ കരച്ചിൽ കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴാണ് അക്രമികൾ സ്ഥലം വിട്ടത്.

സുരേന്ദ്രൻ്റെ ഭാര്യ സജിത, മകൻ ഉമേഷ്, ബന്ധുവായ പ്രഭിത, ഇവരുടെ നാല് വയസുകാരനായ മകൻ അനൽദേവ് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. കല്ലുകളും ജനൽ ചില്ലുകളും ചിതറിക്കിടന്ന റൂമിൽ നിന്നും നാല് വയസ് കാരനായ അനൽദേവ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ഭയന്ന് കരഞ്ഞ കുഞ്ഞിന് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മണ്ടംപറമ്പ് പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ആക്രമണം പതിവായിരിക്കുകയാണ്.

ദിവസങ്ങൾക്ക് മുമ്പ് മതിപ്പുറം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വടക്കേക്കര സന്ദീപിൻ്റെ വീടിന് നേരേയും ആക്രമണം നടന്നിരുന്നു.

വീടിൻ്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൻ്റെ ഗ്ലാസ് വലിയ പാറ കല്ല് ഉപയോഗിച്ച് ഇടിച്ച് തകർത്തിരുന്നു. കഞ്ചാവ് മാഫിയ സംഘത്തിനെതിരെ പോലീസിൽ പരാതി നൽകിയതിൻ്റെ പ്രതികാരമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.

മുൻപ് സന്ദീപിനെ ആക്രമിക്കാൻ പദ്ധതിയിടുന്നതിൻ്റെ വാട്സാപ് സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

മേഖലയിൽ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്. അതേ സമയം സംഭവത്തിൽ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുന്നംകുളം എ സി പി ടി.എസ് സിനോജ് മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here