എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിയേക്കും; മദ്യവില്‍പ്പനയ്ക്ക് ബുധനാഴ്ച മുതല്‍ സാധ്യത; ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴിവാക്കി ജില്ലകള്‍ക്കുള്ളിലെ ബസ് സര്‍വീസിന്റെ കാര്യം പരിശോധിക്കുമെന്ന് മന്ത്രി ശശീന്ദ്രന്‍

തിരുവനന്തപുരം: രാജ്യത്ത് ലോക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മാറ്റിയേക്കും.

എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ ഈ മാസം 26 മുതല്‍ 30 വരെ നടത്താനായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും അത് സംബന്ധിച്ചുള്ള ടൈം ടേബിള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഞായറാഴ്ച ലോക്ഡൗണ്‍ നീട്ടുകയും കേന്ദ്രം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ നീട്ടുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

മെയ് 31 വരെയാണ് നാലാമത് ലോക്ഡൗണ്‍ ഘട്ടം നീട്ടിയത്.

സംസ്ഥാനത്തെ മദ്യവില്‍പ്പന ബുധനാഴ്ച മുതല്‍ പുനരാരംഭിച്ചേക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനം ഒരുക്കി ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളിലൂടെയും ബാറുകളിലെ കൗണ്ടറുകളിലൂടെയുമാവും വില്‍പ്പന. ബാറുകളിലെ കൗണ്ടര്‍ വഴി പാഴ്സല്‍ വില്‍പ്പന മാത്രമായിരിക്കും അനുവദിക്കുക.

ഔട്ട്ലറ്റുകളില്‍ മദ്യവിതരണത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം ഏഴു ലക്ഷത്തോളംപേര്‍ മദ്യം വാങ്ങാന്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. മദ്യം വാങ്ങിക്കാനുള്ള ടോക്കണുകള്‍ ആപ്പിലൂടെ വിതരണം ചെയ്യാനാണ് നീക്കം. ടോക്കണിലെ ക്യൂആര്‍ കോഡ് ബിവറേജസ് ഷോപ്പില്‍ സ്‌കാന്‍ ചെയ്തശേഷം മദ്യം നല്‍കും.

മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. അടുത്തുള്ള ഷോപ്പുകളും തിരക്കു കുറഞ്ഞ ഔട്ട്ലറ്റുകളും തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ടാകും.

അതേസമയം, സംസ്ഥാനത്ത് സാര്‍വ്വത്രിക പൊതുഗതാഗതം ഉണ്ടാവില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. പൊതുജീവിതം സ്തംഭിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴിവാക്കി ജില്ലകള്‍ക്കുള്ളില്‍ സര്‍വീസ് നടത്തുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News